വെള്ളം കുടിക്കാന്‍ 'വാട്ടര്‍ ബെല്‍' അടിച്ച് കേരളത്തിലെ സ്‌കൂളുകള്‍; മാതൃക ഏറ്റെടുത്ത് അന്യസംസ്ഥാനങ്ങളും
keralanews
വെള്ളം കുടിക്കാന്‍ 'വാട്ടര്‍ ബെല്‍' അടിച്ച് കേരളത്തിലെ സ്‌കൂളുകള്‍; മാതൃക ഏറ്റെടുത്ത് അന്യസംസ്ഥാനങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 10:30 am

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടാര്‍ വെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ എന്ന ആശയം നടപ്പാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും. തൂശ്ശൂര്‍ ചേലക്കരയില്‍ സെന്റ്  ജോസഫ് യു.പി സ്‌കൂളില്‍ കുട്ടികള്‍കള്‍ക്ക് വെള്ളം കുടിക്കാനായി ദിവസത്തില്‍ രണ്ട് തവണ ബെല്ലടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

”വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് കുടിക്കാന്‍ വെള്ളം കൊണ്ടുവരുന്നുണ്ട്. സ്‌കൂളിലും കുടിവെള്ളം ലഭ്യമാണ്. എന്നാലും കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. വെള്ളം കുടിക്കാത്തതു കാരണം മൂത്രസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴുവാക്കാന്‍ വേണ്ടിയാണ് വെള്ളം കുടിക്കാന്‍ പറയുന്നത്.
മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനായി പെണ്‍കുട്ടികള്‍ മനപ്പൂര്‍വ്വം വെള്ളം കുടിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്” -പ്രധാനധ്യാപക ഷീബ പി.ഡി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വാട്ടര്‍ബെല്‍ എന്ന ആശയം നടപ്പാക്കിയതെന്ന് കായികാധ്യാപകനും മുന്‍ ദേശീയതല ഹാന്റ് ബോള്‍ പ്ലേയറുമായിരുന്ന ജെനില്‍ ജോണ്‍ പറഞ്ഞു. ദിവസത്തില്‍ രണ്ടു തവണ ബെല്ലടിക്കും. 11.15 നും 2.45 നും. ക്ലാസ് റൂമിന് പുറത്തുള്ള പൈപ്പില്‍ നിന്നോ അല്ലെങ്കില്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നോ നിര്‍ബന്ധമായും കുട്ടികള്‍ വെള്ളം കുടിക്കണം. ബെല്ലടിച്ച് ഓര്‍മ്മപ്പെടുത്തുമ്പോള്‍ അവര്‍ വെള്ളം കുടിക്കും” – അദ്ദേഹം പറഞ്ഞു.

വാട്ടര്‍ബെല്‍ സംബന്ധിച്ച് ഒരു പ്രൊപ്പോസല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ജെലില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
”അധ്യാപകരുടെ പരിശീലന ക്ലാസ്സുകളില്‍ ഈ ആശയം ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ കേരളത്തിലെ പല സ്‌കൂളുകളി ലും വാട്ടര്‍ബെല്‍ നടപ്പാക്കിയിട്ടുണ്ട്” പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പല സ്‌കൂളുകളിലും കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്താന്‍ വാട്ടര്‍ബെല്‍ എന്ന ആശയം നടപ്പാക്കിതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയരക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. എന്നാല്‍ എല്ലാ സ്‌കൂളുകളും ഈ രീതി പിന്തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

” ഇതിന് രണ്ട് വശങ്ങള്‍ ഉണ്ട്. ഒരു വിഭാഗം ആളുകള്‍ ധാരാളം വെള്ളം കുടിക്കാന്‍ പറയുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കണമെന്നാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് നന്നായി വിശകലനം ചെയ്യേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളും വാട്ടര്‍ ബെല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഇല്ലെങ്കിലും കേരളത്തിലെ ഭൂരിപക്ഷം വിദ്യാലയങ്ങളും വാട്ടര്‍ ബെല്‍ പദ്ധതി നടപ്പാക്കി തുടങ്ങി. നല്ല മാതൃക നടപ്പാക്കാന്‍ നേരം വൈകിക്കേണ്ടതില്ല എന്ന നിലപാടാണ് ഇവര്‍ക്ക്.

കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലേക്കും കടന്നിരിക്കുകയാണ് കേരളത്തിന്റെ വാട്ടര്‍ബെല്‍ മാതൃക. കര്‍ണാടകത്തിലെ ഗദക് ജില്ലയിലെ നരേഗലിലുളള നാരായണ്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കിയത്. തൊട്ടുപിന്നാലെ മൈസൂരിലെ ന്യൂ ടൈപ്പ് മോഡല്‍ സ്‌കൂളിലും പദ്ധതി നടപ്പിലാക്കി.

വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളാണിത്. ഇതിന് മുമ്പ് ദക്ഷിണ കന്നട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ വാട്ടര്‍ ബെല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍പദ്ധതി നടപ്പിലാക്കിയശേഷം മുഖ്യമന്ത്രി യെദ്യൂരപ്പയും വിദ്യാദ്യാസ മന്ത്രി എസ്. സുരേഷ് കുമാറും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെയും ഒഡീഷയിലെയും സ്‌കൂളുകളിലും വാട്ടര്‍ബെല്‍ പദ്ധതിയ്ക്കു തുടക്കമിട്ടിരുന്നു. അങ്ങനെ കേരളത്തിന്റെ നല്ല മാതൃക അതിര്‍ത്തികള്‍ കടന്ന് വ്യാപിക്കുകയാണ്.