തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും. ഉച്ചഭക്ഷണം നല്‍കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ള ഫണ്ടിന് പുറമേ സ്പോണ്‍സര്‍മാരില്‍ നിന്നോ സ്വന്തം നിലയില്‍ കണ്ടെത്തുന്ന ഫണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 2011-12 അധ്യയനവര്‍ഷം വരെ ഉച്ചഭക്ഷണം നല്‍കിവന്ന പ്രീപ്രൈമറി കുട്ടികള്‍ക്കുമാകും പ്രഭാത ഭക്ഷണനും സായാഹ്ന ഭക്ഷണവും ലഭിക്കുക. 2012നുശേഷം ആരംഭിക്കുകയും ഇതുവരെ അംഗീകാരം ലഭിക്കുകയും ചെയ്യാത്ത പ്രീപ്രൈമറികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും നിര്‍ദേശത്തിലുണ്ട്.
ഈ മാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സ്‌കൂളുകളില്‍ ഭക്ഷണം തയ്യാറാക്കുന്നവരുടെ ശുചിത്വത്തില്‍ കര്‍ശന പരിശോധന വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വര്‍ഷത്തില്‍ രണ്ടു തവണ ഇവര്‍ക്ക് ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കാനാണ് സര്‍ക്കുലറില്‍ പറയുന്നത്.