| Friday, 1st June 2018, 10:45 am

ആദ്യാക്ഷരം കുറിക്കാന്‍ രണ്ടുലക്ഷത്തിലേറെ കുരുന്നുകള്‍; പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. രണ്ടു ലക്ഷത്തിലേറെ കുട്ടികളാണ് പുതുതായി സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതെന്നാണ് പ്രാഥമിക കണക്കുകള്‍.

കുട്ടികള്‍ കളിച്ചു വളരണമെന്നും പഠനം പാല്‍പായസമായി മാറണമെന്നുമായിരുന്നു മുന്‍ അധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുക എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും വിദ്യാഭ്യാസ വകുപ്പ് ഹരിതചട്ടം പാലിച്ചിരുന്നു. പൊതു വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളായി മാറ്റുക എന്ന ഉദ്ദേശത്തോടെ ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ “ഹരിതോത്സവം” കൈപ്പുസ്തകം സ്‌കൂളുകളില്‍ വിതരണം ചെയ്തുവരികയാണ്.

ALSO READ:  നിപ ബാധിച്ച് കോടതി സൂപ്രണ്ടിന്റെ മരണം; ജില്ലാകോടതി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

സംസ്ഥാനത്തെ സ്‌കൂളുകളിലെല്ലാം വളരെ വിപുലമായ പരിപാടികളാണ് നവാഗതര്‍ക്കായി ഒരുക്കിയിട്ടുള്ളത്. വര്‍ണ്ണകടലാസുകളും മധുരപലഹാരങ്ങളും മാത്രമല്ല, സ്മാര്‍ട്ട് ക്ലാസ്സുമുറികളും മറ്റു പുതുപുത്തന്‍ സംവിധാനങ്ങളുമാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

നിപ ബാധയെത്തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും ജൂണ്‍ അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുക. അതേസമയം നിപ ഭീതി രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുകൂടി നീട്ടിവെക്കണമെന്നു ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രം കടപ്പാട്- മാതൃഭൂമി ന്യൂസ്

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more