| Friday, 30th March 2018, 8:15 am

മതവും ജാതിയും രേഖപ്പെടുത്താത്ത വിദ്യാര്‍ത്ഥികള്‍ ഒന്നേകാല്‍ ലക്ഷം തന്നെ; വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നത് ശരിയായ കണക്കു തന്നെയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. വിദ്യാര്‍ത്ഥികളുടെ എണ്ണം ഊതിപ്പെരുപ്പിച്ചതാണെന്നും സോഫ്റ്റ്‌വെയറിലെ പിഴവാണ് എണ്ണം വര്‍ധിക്കാന്‍ കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഡയറക്ടര്‍ വിഷയത്തില്‍ വ്യക്തത വരുത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാറാണ് ഇക്കാര്യത്തില്‍ പിശക് സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ചത്. “സ്‌കൂളുകളില്‍ പ്രവേശനം നടത്തുന്ന സമയത്ത് സമ്പൂര്‍ണ്ണ സോഫ്റ്റുവെയറിലേക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നേരിട്ട് രേഖപ്പെടുത്താറുണ്ട്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകര്‍ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമാകും ഇത് ചെയ്യാറ്. ഈ സോഫ്റ്റുവെയറില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടാത്ത ഭാഗമാണ് ജാതി, മതം എന്നീ കോളങ്ങള്‍. ഇവ പൂരിപ്പിക്കാതെ വിടുന്നത് സ്‌കൂള്‍ അധികൃതണ്” കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ സോഫ്റ്റുവെയറിലെ വിവരങ്ങള്‍ പ്രകാരം ജാതിയും മതവും രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളുണ്ടെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് ജാതിയും മതവും ഇല്ലെന്നതിന്റെ അടിസ്ഥാനമല്ലെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. മതാപിതാക്കള്‍ രേഖപ്പെടുത്തിയിട്ടും സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്താത്തതോ, മാതാപിതാക്കള്‍ രേഖപ്പെടുത്താതെ വിട്ടുകളഞ്ഞതോ ആകാം ഇവയെന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പറഞ്ഞ മോഹന്‍ കുമാര്‍ ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ ജാതിയുടേയും മതത്തിന്റേയും കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതു സംബന്ധിച്ച കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. കണക്കു പ്രകാരം 9,209 സ്‌കൂളുകളിലായി 1,23,630 കുട്ടികളാണ് 2017-18 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാല്‍ ഇതിനുപിന്നാലെ എണ്ണം ഉയരാന്‍ കാരണം സര്‍ക്കാറിന്റെ സോഫ്റ്റ്വെയറില്‍ സ്‌കൂളില്‍ നിന്നു വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവാണെന്ന വെളിപ്പെടുത്തലുമായി ഒരു അധ്യാപകന്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അല്‍-ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ അഷ്‌കറായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

We use cookies to give you the best possible experience. Learn more