| Monday, 4th October 2021, 5:31 pm

ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് അനുവദിക്കുക.

മാര്‍ഗരേഖയുടെ അന്തിമരൂപം ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 പേരെ മാത്രമാണ് അനുവദിക്കുക. യു.പിതലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികളെ അനുവദിക്കും.

ഉച്ചഭക്ഷണം ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ നല്‍കില്ല. ഉച്ച വരെ മാത്രമായിരിക്കും ക്ലാസ്.

ബാച്ച് തിരിച്ചായിരിക്കും ക്ലാസ് നടക്കുക. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ മേല്‍നോട്ടത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

അതേസമയം സ്‌കൂളുകള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ക്ലാസ്സുകളും പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമുകളും നിര്‍ബന്ധമാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലമാണ് പഠിപ്പിക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബ്രിഡ്ജ് സിലബസ് തയ്യാറാക്കും.

അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി.

സ്വകാര്യ ബസുകള്‍, ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടയ്ക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala School Reopen Guidelines

We use cookies to give you the best possible experience. Learn more