തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളുകളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കിയത്. വാക്സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനാല്‍ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊവിഡ് നിര്‍ണയത്തിന് ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നു ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു.
ഐ.സി.എം.ആര്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ഏറ്റവും കുറച്ചു പേര്‍ക്കു രോഗം പകര്‍ന്ന സംസ്ഥാനമാണ് കേരളമെന്നു പലരും ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറച്ചുനിര്‍ത്തിയതും അഭിനന്ദനാര്‍ഹമാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ല. വ്യാപനം വൈകാതെ നിയന്ത്രിക്കാനാകും.
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതു നല്ല സൂചനയാണ്. അതിനാല്‍ സാമ്പത്തിക, സാമൂഹിക മേഖലകള്‍ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണ്. രാജ്യത്ത് കൊവിഡ് ഡേറ്റ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ തുറന്നിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.
ദല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഈ മാസം 8 നും ആരംഭിക്കും. തമിഴ്‌നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
രാജസ്ഥാനില്‍ 50% വിദ്യാര്‍ത്ഥികളുമായി ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണ് തീരുമാനം. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചല്‍, മിസോറാം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിദ്യാലയങ്ങള്‍ തുറന്നിരുന്നു.