സ്‌കൂളുകളില്‍ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുത്: സംസ്ഥാന ബാലാവകാശ കമ്മീഷന്‍
Daily News
സ്‌കൂളുകളില്‍ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുത്: സംസ്ഥാന ബാലാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2016, 6:29 pm

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്കു ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. അതേ സമയം സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി ഒതുക്കി വെക്കണമെന്ന് സ്ഥാപന മേധാവിക്ക് നിഷ്‌കര്‍ഷിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുടി പിരിച്ചു കെട്ടാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരുടെ നിര്‍ദേശം. കുട്ടികളെ മാനസികമായും ആരോഗ്യപരമായും ബാധിക്കുന്ന നടപടി അടിച്ചേല്‍പ്പിക്കുന്നത് നിയമലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പിരിച്ചു കെട്ടുന്നത് കാരണം ദുര്‍ഗന്ധം ഉണ്ടാവുകയും മുടി പൊട്ടി പോകുന്നതും വിദ്യാര്‍ത്ഥിനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.