| Thursday, 16th July 2020, 4:52 pm

ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് സമഗ്ര ഗതാഗതവികസന പദ്ധതികളാണ്; സില്‍വര്‍ലൈന്‍ പാത വികസനം കേരളത്തിന് ദോഷം ചെയ്യും; ശാസ്ത്ര സാഹിത്യ പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗതാഗത പദ്ധതിയായ സില്‍വര്‍ലൈന്‍ പാത തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയിലാണ് വിമര്‍ശനങ്ങളുന്നയിക്കുന്നത്.

സംസ്ഥാന ഗതാഗത വികസനത്തില്‍ മുന്‍ഗണനയില്ലാത്തതും അതേസമയം സംസ്ഥാനത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ള പദ്ധതിയാണിതെന്നും വിമര്‍ശനമുണ്ട്.

അതോടൊപ്പം ഇപ്പോഴുള്ള ലൈനിന്റെ ഇരട്ടിപ്പിക്കലിനും നിലവിലുള്ള പാതകള്‍ക്ക് സമാന്തരമായ റെയില്‍വേ ലൈനിനും ഇലക്ട്രോണിക് സിഗഗ്നലിനും വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

‘കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 4 മണിക്കൂര്‍ സമയം കൊണ്ട് എത്തുകയെന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 63,941 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് കേരളത്തിന്റെ സമഗ്ര ഗതാഗത വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളാണെന്നും പരാതിയല്‍ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്ത് നിലവിലുള്ള റെയില്‍ പാതയുടെ 115% വരെയാണ് ട്രെയിന്‍ ട്രാഫിക്ക് എന്ന് കെ.ആര്‍.ഡി.സി.എല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.

ഇങ്ങനെ വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ ട്രാഫിക്ക് മാനേജ് ചെയ്യുന്നതിന് അനിവാര്യം എന്നതിനാലാണ് നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍ പാതയ്ക്ക് സമാന്തരവുമായൊരു പാത വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുള്ളത്.

എന്നാല്‍ നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയാണ് ഹൈസ്പീഡ് റെയില്‍ നിര്‍മ്മിക്കുന്നത്. ഇത് കേരളത്തിനു പുറത്തുനിന്നുള്ള യാത്രാ, ചരക്കു വണ്ടികള്‍ക്ക് അപ്രാപ്യമാവുകയും അതിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയുമാണ് ചെയ്യുക.

കോടികള്‍ ചെലവഴിക്കുമ്പോഴും നാടിന് കൂടുതല്‍ ഉപയോഗപ്പെടുക എന്നതിനേക്കാള്‍ കേരളത്തില്‍ നിലവിലില്ലാത്ത സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതാണ് ആധുനിക വികസനമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂ- പരാതിയില്‍ പറയുന്നു.

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ പദ്ധതികള്‍ക്ക് ആയിരിക്കണം മുന്‍ഗണന.

കേരളത്തിനു മൊത്തം ഗുണം ലഭിക്കുന്ന നിലവിലുള്ള ബ്രോഡ്‌ഗേജ് റെയില്‍വേ ലൈനിന്റെ ഇരട്ടിപ്പിക്കലും ഇലക്ട്രോണിക് സിഗ്‌നലിംഗും പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ല.

ഈ അവഗണന സംശയാസ്പദമാണ്. ഇതു പൂര്‍ത്തിയാക്കി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടവിട്ടുള്ള പാസഞ്ചര്‍ ട്രെയിന്‍ / മെമു സര്‍വീസ് സംവിധാനങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ ഒട്ടേറെ പരിഹരിക്കാനാവും.

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാന നഗരങ്ങളില്‍ അതിവേഗത്തില്‍ എത്താന്‍ നിലവില്‍ നാലു വിമാനത്താവളങ്ങളുണ്ട്. മംഗലാപുരം കൂടി പരിഗണിച്ചാല്‍ 600 കിലോ മീറ്ററിനുള്ളില്‍ അഞ്ചെണ്ണവും. അടിയന്തര സാഹചര്യങ്ങള്‍ക്കു ഹെലികോപ്ടര്‍ സൗകര്യവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലവിലുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 52% വായ്പയായും ബാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കാനുമാണ് പദ്ധതി നിര്‍ദ്ദേശം. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇപ്പോള്‍ തന്നെ കടക്കെണിയിലുള്ള കേരളത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുണ്ട്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയും തിരൂരിനു വടക്കോട്ട് വളവു നിവര്‍ത്തുന്ന സ്ഥലങ്ങളിലും നിലവിലുള്ള റെയില്‍ പാതയോട് ചേര്‍ന്നല്ല ഇതു കടന്നു പോകുന്നത്.

ഈ ദൂരത്തില്‍ പാതയ്ക്ക് വേണ്ടി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് നെല്‍പ്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ഇടനാടന്‍ കുന്നുകളുടേയും വലിയതോതിലുള്ള നാശത്തിനു കാരണമാകും.

532 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ ഏതാണ്ട് അഞ്ചിലൊന്ന് ഭാഗവും ഉയരത്തിലുള്ള പാതയും പാലങ്ങളും തുരങ്കങ്ങളുമാണ് എന്നതിനാല്‍ നിര്‍മ്മാണത്തിന് വലിയ അളവില്‍ കരിങ്കല്ലും മണലും മണ്ണും മറ്റും വേണ്ടിവരും.

അധികൃതവും അനധികൃതവുമായ കരിങ്കല്‍ ക്വാറികളാല്‍ വലിയ ദുരന്തഭീഷണി നേരിടുന്ന അവസ്ഥയില്‍ പുതിയ പാതയുടെ നിര്‍മ്മാണം കിഴക്കന്‍ മലകള്‍ക്ക് സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചും ആശങ്കയുണ്ട്.

കേരളജനതയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടും (ഡി.പി.ആര്‍) പാരിസ്ഥിതികാഘാത വിലയിരുത്തലും (ഇ.ഐ.എ) പരസ്യപ്പെടുത്തി സുതാര്യവും ജനാധിപത്യപരവുമായ പൊതു ചര്‍ച്ചക്ക് കേരള സര്‍ക്കാര്‍ തയ്യാറാകുയയാണ് ഇപ്പോള്‍ വേണ്ടത്’ – പരാതിയില്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more