| Tuesday, 31st May 2016, 11:53 am

അതിരപ്പിള്ളി പദ്ധതി: സര്‍ക്കാരിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്; പദ്ധതി അശാസ്ത്രീയമാണെന്ന് പല വട്ടം പറഞ്ഞതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുകൂലമായ ഇടതുസര്‍ക്കാരിന്റെ നയത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. പദ്ധതി നടപ്പിലാക്കിയാല്‍ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം  138 ഹെക്ടര്‍ വനവും ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന സമയത്താണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതെന്നും പരിഷത്ത് കുറ്റപ്പെടുത്തുന്നു.

നിലവില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി തയ്യാറാക്കിയ പാരിസ്ഥിതികാഘാത പഠനം അപര്യാപ്തമാണ്. പദ്ധതി നടപ്പിലാക്കിയാല്‍ നഷ്ടമാകുമെന്നുറപ്പുള്ള ജന്തു സസ്യവൈവിധ്യങ്ങളെ കുറിച്ചൊന്നും പഠനം നടത്തിയിട്ടില്ല. ഈ പഠനം പോരായ്മകള്‍ നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് പലതവണ പറഞ്ഞതാണെന്നും പരിഷത്ത് ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതാക്കി നടപ്പാക്കുകയാണെങ്കില്‍പ്പോലും പുഴയിലെ നീരൊഴുക്ക് പകുതിയാവുകയും ഓരുകയറ്റ ഭീഷണിയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്നും പരിഷത്ത് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. പശ്ചിമഘട്ടമേഖലയില്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് കേരളത്തിന്റെ തന്നെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നുമാണ് പരിഷത്തിന്റെ ആവശ്യം.

We use cookies to give you the best possible experience. Learn more