| Friday, 8th February 2019, 1:11 pm

മന്നത്ത് പത്മനാഭനെ ബോധപൂര്‍വം ഒഴിവാക്കിയതല്ല; കേസരി ബാലകൃഷ്ണപ്പിള്ളയേയും മക്തി തങ്ങളേയും വിട്ടുപോയിട്ടുണ്ട്: ഡയറി വിവാദത്തില്‍ സാഹിത്യ അക്കാദമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി.

മന്നത്ത് പത്മനാഭന്റെ ചിത്രം ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും പിഴവ് സംഭവിച്ചതാണെന്നുമാണ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. മന്നത്ത് പത്മനാഭന്‍ മാത്രമല്ല കേസരി ബാലകൃഷ്ണപിള്ളയേയും മക്തി തങ്ങളേയും ഉള്‍പ്പെടുത്താന്‍ പറ്റിയില്ലെന്നും വൈശാഖന്‍ പറഞ്ഞു.

“”മന്നത്ത് പത്മനാഭനോട് സാഹിത്യ അക്കാദമിക്ക് അങ്ങേയറ്റത്തെ ആദരവുണ്ട്. അക്കാലത്ത് തന്നെ ജാതിപ്പേര് ചേര്‍ക്കാതെ പേര് എഴുതിയ ആളാണ് അദ്ദേഹം. അതുപോലെ തന്നെ നമ്പൂതിരി സംബന്ധം ഉള്‍പ്പെടെ നിര്‍ത്തലാക്കാന്‍ ശ്രമിച്ച ആളാണ്. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തേണ്ടതു തന്നെയായിരുന്നു. ഇത് എഡിറ്റര്‍മാര്‍ക്ക് പറ്റിയ ചെറിയ ഒരു പിഴവാണ്.


Dont Miss മുന്നാക്ക സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി: വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം


മന്നത്തിനെ മാത്രമല്ല കേസരി ബാലകൃഷ്ണപ്പിള്ളയെയും മക്തി തങ്ങളെയും ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെ ഇനിയും ഉള്‍പ്പെടുത്തേണ്ട കുറച്ചുപേര്‍ കൂടി ഉണ്ട്. അടുത്ത തവണ ഇറക്കുമ്പോള്‍ ഈ കുറവ് പരിഹരിച്ച് ഇറക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒരിക്കലും അദ്ദേഹത്തെ സാഹിത്യ അക്കാദമി അവഗണിച്ചതല്ല. അത് ഒരു പിഴവ് മാത്രമാണ്- വൈശാഖന്‍ പറഞ്ഞു.

“കേരളം ഓര്‍മ്മസൂചിക 2019” എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്റെ ചിത്രം ഇല്ലാത്തത്. മന്നത്തിന്റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.

സാഹിത്യ അക്കാദമി മന്നത്ത് പത്ഭനാഭന്റെ ചിത്രം ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും എന്നാല്‍ കേരളത്തിന്റെ നവോത്ഥാനത്തില്‍ മന്നത്ത് പത്മനാഭന് വലിയ സ്ഥാനമൊന്നും ഇല്ലെന്നും ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.


കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മന്നത്തിന് എന്ത് സ്ഥാനമാണുള്ളത്: സണ്ണി എം കപിക്കാട്


“”അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുകയല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പര്‍വതീകരിച്ചുകാണുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്. സ്വന്തം സമുദായത്തിലെ ചില അനാചാരങ്ങളെ നീക്കം ചെയ്യുകയും അതിലെ ആളുകളെ ആധുനിക പൗരത്യത്തിലേക്ക് കൊണ്ടുവരികയും സ്റ്റേറ്റിന്റെ അധികാരകേന്ദ്രങ്ങളിലേക്കും സ്ഥാനമാനങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരികയുമായിരുന്നു മന്നത്ത് പത്മനാഭനെന്നും സണ്ണി എം കപിക്കാട് പറയുന്നു.

വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ എന്ന ലിസ്റ്റ് ചരിത്രത്തോട് കാണിക്കുന്ന ഒരു ചതിയാണെന്നും അത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കേണ്ടതാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more