| Friday, 4th October 2024, 1:04 pm

കേരള ഫുട്‌ബോളില്‍ യുവരാജാക്കന്മാരുടെ പെരുമ്പറ മുഴക്കം; മുന്തിയ കുപ്പായത്തില്‍ ഇവരെ അടുത്ത സീസണില്‍ കാണാം

എം.എം.ജാഫർ ഖാൻ

ഉദ്വേഗഭരിതമായ ത്രില്ലറിന്റെ അവസാന മിനിറ്റുകളില്‍ എതിര്‍ പോസ്റ്റിലേക്ക് വെടിച്ചില്ല് പോലെ ഗോള്‍ പായിക്കുന്ന കൊമ്പന്‍സിന്റെ വൈഷ്ണവ്, ആഫ്രിക്കന്‍, ബ്രസീലിയന്‍ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് കുതിക്കുന്ന തൃശൂര്‍ മാജിക് എഫ്.സിയുടെ സെന്‍ട്രല്‍ മീഡ്ഫീല്‍ഡര്‍ ആദില്‍, പേരും പെരുമയും പരിചയസമ്പത്തുമുള്ള ഗോള്‍വേട്ടക്കാരെ വരച്ച വരയില്‍ നിര്‍ത്തുന്ന മലപ്പുറം എഫ്.സിയുടെ റൈറ്റ് വിങ് ബാക്ക് നന്ദു കൃഷ്ണ. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പാതി പിന്നിടുമ്പോള്‍ മൈതാനത്ത് മുഴങ്ങിക്കേള്‍ക്കുന്നത് യുവരക്തങ്ങളുടെ പോരിശ മാത്രം.

മൈതാനം വിശാലം

ഗോളടിച്ചും അടിപ്പിച്ചും പ്രതിരോധിച്ചും ലീഗിന്റെ പ്രഥമ സീസണിനെ കാല്‍പന്ത് മികവിന്റെ പ്രദര്‍ശനശാലയാക്കുകയാണ് അണ്ടര്‍ 23 മലയാളി താരങ്ങള്‍. ഓരോ ടീമും പ്ലെയിങ് ഇലവനില്‍ രണ്ട് അണ്ടര്‍ 23 മലയാളി താരങ്ങളെ കളത്തിലിറക്കണമെന്ന സൂപ്പര്‍ ലീഗ് കേരളയുടെ നിയമം തുറന്നിട്ടിരിക്കുന്നത് യുവതാരങ്ങള്‍ക്ക് സാധ്യതകളുടെ വിശാല മൈതാനം.

രാജ്യാന്തര നിലവാരമുള്ള മലയാളി കളിക്കാരെ വാര്‍ത്തെടുക്കാന്‍ വിഭാവനം ചെയ്ത ഈ നിയമം അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാഴ്ചയാണ് ലീഗില്‍ കാണുന്നത്.

ആറ് ടീമുകളിലായി 40 അണ്ടര്‍ 23 കളിക്കാരാണ് സൈന്‍ ചെയ്തിട്ടുള്ളത്. മിക്കവരും ലീഗ് അഞ്ച് റൗണ്ട് പിന്നിടുമ്പോള്‍ വിവിധ മത്സരങ്ങളിലായി കളത്തിലിറങ്ങി. ഇവരില്‍ പലരെയും സംസ്ഥാന, ദേശീയ ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളും കണ്ണുവെച്ചിട്ടുണ്ട്. അവരെ ഇനി മുന്തിയ കുപ്പായത്തില്‍ അടുത്ത സീസണില്‍ കാണാം.

അവസരങ്ങള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ടാലന്റ് ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പക്ഷേ, അവര്‍ക്ക് മികവ് കാണിക്കാന്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു. സൂപ്പര്‍ ലീഗ് കേരള വാതില്‍ തുറന്നിടുന്നത് ഇത്തരം സാധ്യതകളിലേക്കാണ് എന്ന് മലപ്പുറം എഫ്.സി നായകനും മുന്‍ ഇന്ത്യന്‍ താരവുമായ അനസ് എടത്തൊടിക പറയുന്നു.

‘നിലവില്‍ എന്റെ ടീമില്‍ കളിക്കുന്ന നന്ദു, അജയ്, നവീന്‍, ജാസിം ഉള്‍പ്പടെയുള്ള യുവകളിക്കാര്‍ ടെക്‌നിക്കലി മികച്ചവരാണ്, അവര്‍ക്ക് കളിക്കാന്‍ അവസരവും തുടര്‍ന്ന് മികച്ച ശിക്ഷണവും ലഭിച്ചാല്‍ ഗംഭീര പ്രതിഭകളായി മാറും’ അനസ് തുടര്‍ന്നു.

ആദില്‍, അര്‍ജുന്‍, ഷംനാദ്, ശഫ്‌നാദ് ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ പ്ലെയിങ് ടൈം ലഭിച്ചാല്‍ വൈകാതെ അവരെ ഇന്ത്യന്‍ ടീമില്‍ വരെ കാണാന്‍ കഴിയുമെന്ന് തൃശൂര്‍ ടീം സ്‌പോര്‍ട്ടിങ് ഡയറക്ടറും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാള്‍, മഹീന്ദ്ര ഉള്‍പ്പടെയുള്ള ക്ലബുകള്‍ക്കും കളിച്ച സുശാന്ത് മാത്യുവും ഉറപ്പ് പറയുന്നു.

അഭിറാം, അസ്‌ലം, അഷ്‌റഫ്, റിയാസ് തുടങ്ങിയ കാലിക്കറ്റ് എഫ്.സി താരങ്ങളും അഭിന്‍, അശ്വിന്‍, റിഷാദ്, നജീബ്, ഹര്‍ഷല്‍ തുടങ്ങിയ കണ്ണൂര്‍ വാറിയേഴ്‌സ് അംഗങ്ങളും ലീഗില്‍ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. അവരില്‍ പലരും ടീമിന്റെ നിര്‍ണായക തന്ത്രങ്ങളായി ഇതിനോടകം മാറി.

വൈഷ്ണവിന് ഒപ്പം കൊമ്പന്‍സിന്റെ ശരത്, അസ്ഹര്‍, ഹസന്‍, ബാദിഷ്, അഷ്‌റഫ് ഫോഴ്‌സ കൊച്ചിയുടെ നിതിന്‍ മധു, ജഗന്നാഥ്, റെമിത്ത്, ജസിന്‍… എല്ലാവരും ആരാധകരുടെ അഭിമാന താരങ്ങളായി വളര്‍ന്നു.

സൂപ്പര്‍ ലീഗ് കേരള മലയാളികള്‍ക്കായി തുറന്നിടുന്ന വാതിലിലൂടെ നിരവധി താരങ്ങള്‍ ദേശീയ ഫുട്‌ബോളിന്റെ മടിത്തട്ടിലേക്ക് എത്തുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ.

Co0ntent highlight:  Kerala’s young players performed well in Super League Kerala

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more