കേരളം ദല്‍ഹിയിലേക്ക്; കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സമരം ഫെബ്രുവരി എട്ടിന്
Kerala News
കേരളം ദല്‍ഹിയിലേക്ക്; കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സമരം ഫെബ്രുവരി എട്ടിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 2:06 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമരം ഫെബ്രുവരി എട്ടിന്. ദല്‍ഹിയിലെ ജന്തര്‍ മന്ത്രില്‍ വെച്ച സംഘടിപ്പിക്കുന്ന സമരത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും.

സമര ദിനത്തില്‍ ബൂത്തടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപടുകളെ കുറിച്ചും നയങ്ങളെ കുറിച്ചും പ്രചാരണം നടത്തുമെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുമെന്നും എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു.

കേരളം അഭിവൃദ്ധിപ്പെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നീരസമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള മൂന്നര കോടി ജനതയുടെ ശബ്ദാമാവാന്‍ സര്‍ക്കാരിന് കഴിയുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അറിയിക്കാനുള്ള നടപടി കേരള മുഖ്യമന്ത്രി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രശ്‌നം എല്ലാവരും മനസിലാക്കുന്നതാണ് നല്ലതെന്നും അതില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

എന്ത് തെറ്റ് ചെയ്തിട്ടാണ് കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ അവഗണന കാണിക്കുന്നതെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. 62 ലക്ഷം വരുന്ന ആളുകള്‍ക്ക് പ്രതിമാസം 1600 രൂപ സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയില്‍ വേറെയുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

കേന്ദ്ര പദ്ധതികള്‍ക്കുള്ള വിഹിതങ്ങളില്‍ കേന്ദ്രം തന്നെയാണ് കാലതാമസം വരുത്തുന്നതെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഫണ്ടിന് വേണ്ടി കാത്തിരിക്കാറില്ലെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

അടുത്ത കാലങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പ്രസംഗങ്ങള്‍ നടത്തിയെങ്കിലും സംസ്ഥാനത്തിന് വേണ്ടി ഒരു വിധത്തിലുള്ള വാഗ്ദാനങ്ങളും നല്‍കിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പ്രസംഗത്തിന്റെ അവസാനം താന്‍ തന്നെയാണ് ഗ്യാരന്റി എന്ന മാത്രമാണ് മോദി പറഞ്ഞതെന്നും ഇ.പി. ജയരാജന്‍ പരിഹസിച്ചു.

Content Highlight: Kerala’s strike against the Center’s financial neglect on February 8