2024 രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ തോല്‍പിച്ച് മുംബൈ കിരീടമുയര്‍ത്തിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 169 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. രഞ്ജി ചരിത്രത്തില്‍ മുംബൈയുടെ 42ാം കിരീടമാണിത്.
ഫൈനലില്‍ സെഞ്ച്വറി നേടിയ മുഷീര്‍ ഖാനെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈയുടെ തന്നെ തനുഷ് കോട്ടിയനാണ് ടൂര്‍ണമെന്റിന്റെ താരമായത്.
പല സൂപ്പര്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും പുറത്തായെങ്കിലും ടീമിലെ താരങ്ങളുടെ വ്യക്തിഗത പ്രകടനം മികച്ചുനിന്നിരുന്നു. റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോളും ടീം എന്ന നിലയില്‍ ശോഭിക്കാന്‍ സാധിക്കാതെ പോയതോടെ ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ലൈംലൈറ്റും നഷ്ടപ്പെട്ടു.
ഇത്തരത്തില്‍ അര്‍ഹിച്ച പ്രശംസ ലഭിക്കാതെ പോയ താരങ്ങളില്‍ പ്രധാനിയാണ് മലയാളി താരം സച്ചിന്‍ ബേബി. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള താരം ഫിനിഷ് ചെയ്തത്.
ഏഴ് മത്സരത്തില്‍ നിന്നും 83 എന്ന മികച്ച ശരാശരിയില്‍ 830 റണ്‍സാണ് താരം നേടിയത്. രഞ്ജി ട്രോഫി 2024ല്‍ ചുരുങ്ങിയത് അഞ്ച് മത്സരം കളിച്ച താരങ്ങളെ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളതും ഈ മലയാളി താരത്തിനാണ്.
നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമടക്കമാണ് സച്ചിന്‍ ബേബി റണ്‍സ് സ്‌കോര്‍ ചെയ്തത്. 131 ആണ് താരത്തിന്റെ മികച്ച സ്‌കോര്‍.
രഞ്ജി ട്രോഫിയിലെയും ഇന്ത്യന്‍ ടീമിലെ തന്നെയും പല വമ്പന്‍ പേരുകാരെയും പിന്തള്ളിയാണ് സച്ചിന്‍ ബേബി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. പട്ടികയിലെ ആദ്യ 50ല്‍ ഉള്‍പ്പെട്ട ഏക കേരള ബാറ്ററും സച്ചിന്‍ തന്നെയാണ്. 51ാം നമ്പറിലുള്ള രോഹന്‍ എസ്. കുന്നുമ്മലാണ് സീസണില്‍ കേരളത്തിനായി ഏറ്റവുമധികം റണ്‍സ് കണ്ടെത്തിയ രണ്ടാമത് താരം.