| Tuesday, 9th March 2021, 9:00 pm

അമിത്ഷായുടെ നുണപ്രചരണത്തിന് കേരളം നല്‍കിയ മറുപടി

ഷഫീഖ് താമരശ്ശേരി

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയ ഏതാനും പ്രസ്താവനകളും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാണ്. കേരളം വലിയ രീതിയില്‍ അഴിമതിയുടെ നാടായി മാറിയെന്നും, ഇതില്‍ പല അഴിമതികളുടെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും, സ്വര്‍ണക്കടത്തുകേസില്‍ സാക്ഷിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് അമിത് ഷാ പോയത്.

ആരോപണ ശരങ്ങള്‍ക്കിടയില്‍ അമിത് ഷാ ഒരു കാര്യം മറന്നുപോയി. കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച താന്‍ ഇപ്പോള്‍ കേവലം ബി.ജെ.പി നേതാവല്ല, മറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി എന്ന നിലയില്‍ താന്‍ കൂടി ഉത്തരവാദിയാകുന്ന നിരവധി വിഷയങ്ങളിലാണ് തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന്, വിഷയത്തില്‍ നടപടിയെടുക്കേണ്ട അമിത് ഷാ തന്നെ പുറത്ത് പറഞ്ഞ് സ്വയം കുഴി കുഴിച്ചത്.

അമിത് ഷായുടെ ഈ ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവന നോക്കാം. അന്ന് CNN-News18-ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത് ‘പശ്ചിമബംഗാളിലെ ഓരോ ജില്ലയിലും ബോംബ് നിര്‍മാണ ഫാക്ടറികളുണ്ട്’ എന്നാണ്. കേന്ദ്ര ഭരണകൂടത്തിലെ രണ്ടാമനായ, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രിയാണ് രാജ്യത്തെ ഒരു സംസ്ഥാനത്തെ ഓരോ ജില്ലയിലും ബോംബ് ഫാക്ടറികളുണ്ട് എന്ന അങ്ങേയറ്റം ഗുരുതരമായ ആരോപണമുന്നയിച്ചത്.

ഇന്ത്യയില്‍ എവിടെയെങ്കിലും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ നിയമലംഘനം നടക്കുന്നുവെങ്കില്‍ അത് ചാനല്‍ അഭിമുഖത്തില്‍ വന്ന് പറയുകയല്ല പകരം നിയമനടപടി സ്വീകരിക്കുകയാണ് ആഭ്യന്തര വകുപ്പ് മന്ത്രി ചെയ്യേണ്ടത് എന്നത് അമിത് ഷായ്ക്ക് അറിയാത്തതുകൊണ്ടല്ല. അമിത് ഷായുടെ ഉദ്ദേശം വേറെയായതുകൊണ്ടാണ്. അതവിടെ നില്‍ക്കട്ടെ.

വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖ്‌ലെ അമിത് ഷായുടെ ഈ പ്രസ്താവനയുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പില്‍ നിന്നും വിശദീകരണം തേടി.

അമിത് ഷാ പറഞ്ഞ, ബംഗാളിലെ ഓരോ ജില്ലയിലെയും ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ എവിടെയല്ലാമാണ്, ആഭ്യന്തര മന്ത്രാലയം അമിത് ഷായ്ക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നോ, അമിത് ഷായുടെ പരാമര്‍ശങ്ങള്‍ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നോ, ബോംബ് ഫാക്ടറികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ബംഗാള്‍ പൊലീസുമായി പങ്കുവെച്ചിരുന്നോ? തുടങ്ങിയവയായിരുന്നു സാകേത് ഗോഖ്‌ലെ തേടിയ വിശദീകരണങ്ങള്‍.

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം കൂട്ടാക്കിയില്ല. പിന്നീട് അപ്പീല്‍ നല്‍കിയിട്ടും വിവരം ലഭിച്ചില്ല. ആഭ്യന്തര വകുപ്പില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ സാകേത് ഗോഖ്‌ലെയെ വിളിച്ച് പറഞ്ഞത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം എന്നാണ്. എന്നിട്ടും പിന്മാറാത്ത സാകേത് ഗോഖ്‌ലെ ഒടുവില്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോഴാണ് മറുപടി ലഭിച്ചത്.

സാകേത് ഗോഖ്‌ലെ

ബംഗാളിലെ ബോംബ് നിര്‍മാണ ഫാക്ടറികളെക്കുറിച്ച് യാതൊരു വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കയ്യിലില്ലെന്നും അമിത് ഷാ യുടെ പ്രസ്താവന ഒദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നുമായിരുന്നു മറുപടി.

ഇവിടെ കാര്യങ്ങള്‍ വളരെ കൃത്യമാണ്. കേവലം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു അമിത് ഷാ. അന്ന് ബംഗാളിന് നേരെയും ഇപ്പോള്‍ കേരളത്തിന് നേരെയും ഉന്നയിച്ച ആരോപണങ്ങളില്‍ സമാനതകള്‍ കാണാം.

കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു അമിത് ഷാ ആരോപിച്ചത്. അമിത് ഷായുടെ പ്രസംഗത്തിന് പിന്നാലെ ഏത് മരണത്തെക്കുറിച്ചാണ് അമിത് ഷാ പ്രതിപാദിച്ചതെന്ന ചോദ്യവുമായി മാധ്യമങ്ങള്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചപ്പോള്‍ അത് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്നായിരുന്നു നേതാക്കളുടെ മറുപടി.

രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമായി അവാസ്തവങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ രീതി അമിത് ഷാ തുടര്‍ച്ചയായി ആവര്‍ത്തിക്കുക മാത്രമാണിത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചുമതലക്കാരന്‍ കൂടിയായ ആഭ്യന്തരമന്ത്രിയാണ് ഇത്തരത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത്.

കേരളത്തിലെ വലിയ അഴിമതികളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു. സ്വന്തം സ്ഥാനം മറന്ന് അമിത് ഷാ നടത്തുന്ന ഇത്തരം പ്രസ്താവനകളില്‍ ചില അബദ്ധങ്ങള്‍ കൂടിയുണ്ട്. കൊടിയ അഴിമതിയുടെ തെളിവുകള്‍ കോടതിയ്ക്ക് മുന്നിലോ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലോ ഹാജരക്കാതെ അമിത് ഷാ പോക്കറ്റില്‍ കൊണ്ടുനടക്കുന്നു എന്നതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അദ്ദേഹവും കൂട്ടുനില്‍ക്കുന്നു എന്ന് തന്നെയാണ്.

ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും നാം ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളുടെ ഭാഗമായ സമ്മേളനങ്ങളില്‍ യോഗിയെയും അമിത് ഷായെയും ഒക്കെ കൊണ്ടുവന്ന് കേരളത്തിനെതിരെ സംസാരിപ്പിക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളാണ് മലയാളികളുടെ സാമാന്യബുദ്ധിക്ക് മുന്നില്‍ സ്വയം അപഹാസ്യരാകുന്നത്. കേരളം വികസനത്തില്‍ പിറകിലാണെന്ന് കാസര്‍ഗോഡ് വന്ന് പ്രസംഗിക്കുന്ന യോഗി, കേരളം അഴിമതിയില്‍ കുളിച്ച് കിടക്കുകയാണെന്ന് തിരുവനന്തപുരത്ത് വന്ന് പ്രസംഗിക്കുന്ന അമിത് ഷാ.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായ്ക്ക് നല്‍കിയ മറുപടി തന്നെയാണ് ഇവിടെ ശ്രദ്ധേയം. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള എന്ത് ധാര്‍മികതയാണ് അമിത് ഷായ്ക്ക് ഉള്ളത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലും അഴിമതിയുമടക്കമുള്ള അനേകം കേസുകളില്‍ പ്രതിയായിട്ടുള്ള അമിത് ്ഷായാണ് കേരളത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത, വര്‍ഗീയ കലാപത്തിലും നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും പ്രതിയായി കോടതിയ്ക്ക് മുന്നിലെത്തിയ നേതാവാണ് അമിത് ഷാ. സാക്ഷികളെ കൊന്നുതള്ളിയും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും അധികാരം ദുരുപയോഗിച്ചുമാണ് ഇവയില്‍ പല കേസുകളും തേച്ചുമായ്ച്ചുകളഞ്ഞത്. അമിത് ഷാ പ്രതിയായ കേസുകളില്‍ വിധി പറയാനിരിക്കെ ജഡ്ജിമാര്‍ പോലും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

ജനാധിപത്യ നീതിന്യായ സംവിധാനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത അമിത് ഷാ പലപ്പോഴും രാജ്യത്തെ ജനവിധികളെ അട്ടിമറിച്ച്, എം.എല്‍.എമാരെ വിലയ്ക്കെടുത്ത് സംസ്ഥാനഭരണം പിടിച്ചെടുക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഓപ്പറേഷന്‍ താമരയിലൂടെ കേരളത്തില്‍ അധികാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തിലും ബി.ജെ.പി നടത്തുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി വേണം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയ നീക്കങ്ങളെ കാണാന്‍.

കേരളത്തില്‍ ഇതിനകം വിവാദങ്ങളിലകപ്പെട്ട വിവിധങ്ങളായ കടത്തുകേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതെന്നും ആരുടെ താത്പര്യ പ്രകാരമാണ് അവര്‍ നിലകൊള്ളുന്നതെന്നും ഇതിനകം തന്നെ വ്യക്തമാണ്. ഏതെങ്കിലും വിധത്തില്‍ ഈ കേസുകളിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതല്ല അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്നതും കേരളത്തോടും ഇവിടുത്തെ ഭരണകൂടത്തോടുമുള്ള ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നതിനുള്ള ആയുധങ്ങളാക്കി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നതും കേസിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള നാള്‍വഴികള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകും.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ഈന്തപ്പഴക്കടത്ത്, ഖുര്‍ആന്‍ കടത്ത് തുടങ്ങി വിവിധങ്ങളായ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്‍പത് മാസത്തിലേറെയായി കേരളത്തില്‍ എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

കേസുകളില്‍ നേരിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെപ്പോലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ യഥാസമയം കുറ്റപത്രമോ തെളിവുകളോ ഹാജരാക്കാനാകാതെ കോടതിയില്‍ നിന്ന് വിമര്‍ശനവും ഏറ്റുവാങ്ങി.
ഇതൊക്കെയായിട്ടും സംഘപരിവാറിന്റെ രാഷ്ട്രീയച്ചാട്ടുളിയാകുന്നതില്‍ നിന്ന് പിന്‍മാറാന്‍ അന്വേഷണ ഏജന്‍സികളോ, നുണകള്‍ കൊണ്ട് പുകമറ സൃഷ്ടിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പിയോ തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.

നേര്‍വഴികളിലൂടെയുള്ള രാഷ്ട്രീയാധികാരം കേരളത്തില്‍ സമീപഭാവിയിലൊന്നും സാധ്യമല്ലെന്ന് മനസ്സിലാക്കിയ സംഘപരിവാര്‍ കേന്ദ്ര ഭരണാധികാരത്തിന്റെ ഹുങ്കില്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കേണ്ടത് കക്ഷി രാഷ്ടീയ ഭേദമന്യേ കേരളത്തിന്റെ കടമയാവുകയാണ്.

Content Highlight: Kerala’s response to Amit Shah’s lies

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more