| Thursday, 10th February 2022, 5:59 pm

ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ പുറത്തു നിര്‍ത്തിയ കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി; അഭിനന്ദനവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ പുതിയ 53 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനം ഏറെ ചര്‍ച്ചയാവുന്നു. യൂണിഫോമിനൊപ്പം തട്ടവും ധരിച്ച വിദ്യാര്‍ത്ഥിനികളാണ് പൂവച്ചല്‍ സ്‌കൂളില്‍ നടന്ന കെട്ടിടോദ്ഘാടന ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ പുറത്തു നിര്‍ത്തുകയും, സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മറുപടി എന്ന നിലയ്ക്കാണ് ഇത് ചര്‍ച്ചയാവുന്നത്.

കേരളത്തിന്റെ ഈ രാഷ്ട്രീയ മറുപടിയെ പ്രശംസിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയടക്കം രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി കേരളത്തിന്റെ ഈ നീക്കത്തിനെ അഭിനന്ദിച്ചത്.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ 53 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവരുടെ സ്‌കൂള്‍ യൂണിഫോമിനൊപ്പം തട്ടവും ധരിച്ചാണ് പ്രാര്‍ത്ഥനാഗാനം ആലപിക്കുന്നത്. ഇത് സമൂഹത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്,’ എന്ന കുറിപ്പോടെയാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി കേരളത്തിന് അഭിനന്ദമറിയിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ഗാനം ചൊല്ലുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. ചടങ്ങിന്റെ ലൈവ് സംപ്രേഷണം നിരവധിയാളുകളായിരുന്നു കണ്ടിരുന്നത്.

90 കോടി ചെലവിട്ടാണ് 53 സ്‌കൂളുകളെ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി യാഥാര്‍ത്ഥ്യമാകുന്ന ആദ്യ പദ്ധതി കൂടിയാണിത്.

ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണുണ്ടായത്. യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

ആകെ 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചെലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എം.എല്‍.എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ 92 സ്‌കൂള്‍ കെട്ടിടങ്ങളും 48 ഹയര്‍ സെക്കന്ററി ലാബുകളും 3 ഹയര്‍ സെക്കണ്ടറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തിരുന്നു.

അതേസമയം, ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി സിംഗിള്‍ ബെഞ്ച് ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറിയിരിക്കുകയാണ്.

ചീഫ് ജസ്റ്റിസിന്റെ അന്വേഷണത്തിന് വിധേയമാക്കേണ്ട കേസാണിത്. കേസ് പരിഗണിക്കാന്‍ വിപുലമായ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിന്റെ ബെഞ്ചിന് അധികാരമുണ്ട്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കേസാണിത്. പരാതികളും മറ്റ് രേഖകളും ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കും,’ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പറഞ്ഞു.

യൂണിഫോം, ഹിജാബ് എന്നിവയെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസ് പരിഗണിക്കവെ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഒരു കാരണവശാലും നല്ലതിനല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

‘എന്നെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന ഭഗവത് ഗീത പോലെയാണ്. ഭരണഘടനയ്ക്കനുസരിച്ചാവണം നമ്മള്‍ എല്ലാ കാര്യവും പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് ഞാന്‍ ഈ അധികാരമേറ്റെടുത്തത്. വിഷയത്തിലെ വികാരങ്ങള്‍ എല്ലാം മാറ്റിവെക്കണം. ഹിജാബ് ധരിക്കുന്നത് ഒരു വൈകാരിക പ്രശ്‌നമായി കാണരുത്,’ അദ്ദേഹം പറഞ്ഞു.

വിഷയത്തെ സംബന്ധിച്ച് തനിക്ക് പല സന്ദേശങ്ങളും വരുന്നുണ്ടെന്നും, എന്നാല്‍ ഭരണഘടനയ്ക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂയെന്നും അദ്ദേഹം പറഞ്ഞു. കേവലം ഊഹാപോഹങ്ങള്‍ മാതം മുന്‍നിര്‍ത്തി തീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ട് പോവുമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥികള്‍ തെരുവില്‍ സമരം തുടരുന്നത് കോടതി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഖുര്‍ആനെതിരെ വിധി പറയാന്‍ സര്‍ക്കാരിനാവില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണ്. ഹിജാബ് ധരിക്കുന്നതും അതേ മൗലികാവകാശം കൊണ്ടു തന്നെയാണ്. എന്നാല്‍ മൗലികാവകാശത്തില്‍ സര്‍ക്കാരിന് നിയന്ത്രണം കൊണ്ടുവരാം,’ കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഖുര്‍ആനില്‍ എവിടെയാണ് ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്ന് പറഞ്ഞിരിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. കോടതിയില്‍ ഖുര്‍ആന്‍ ഉണ്ടെന്നും അത് പേജിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണിക്കാനും കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ മഹാമനസ്‌കത കാണിക്കണമെന്നും, മതേതരത്വത്തിന്റെ മുനയൊടിച്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥിനികളെ അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

എന്നാല്‍, ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Kerala’s political response to Karnataka expelling students for hijab

We use cookies to give you the best possible experience. Learn more