| Tuesday, 12th December 2023, 8:11 am

153 റണ്‍സിന് ജയിച്ച ശേഷം 200 റണ്‍സ് തോല്‍വി; പത്ത് വര്‍ഷത്തെ തോല്‍വിയുടെ കണക്കുകളിങ്ങനെ; കിരീടം കേരളത്തിന് കിട്ടാക്കനി

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കൂറ്റന്‍ പരാജയമാണ് കേരളത്തിന് നേരിടേണ്ടി വന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ 200 റണ്‍സിനാണ് കേരളം തോല്‍വിയേറ്റുവാങ്ങിയത്. ഇതോടെ ലിസ്റ്റ് എ കിരീടമില്ലാത്ത മറ്റൊരു സീസണ്‍ കൂടിയാണ് കേരളത്തിന് മുമ്പിലൂടെ കടന്ന് പോകുന്നത്.

പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ ജയം നേടിയതിന് ശേഷമാണ് ഇത്തരത്തില്‍ തോല്‍ക്കേണ്ടി വന്നത് എന്നതാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്. കരുത്തരായ മഹാരാഷ്ട്രയോടെ് സെഞ്ച്വറി നേടിയ കൃഷ്ണ പ്രസാദും രോഹന്‍ എസ്. കുന്നുമ്മലും അടക്കമുള്ളവര്‍ രാജസ്ഥാനെതിരെ കളി മറന്നു.

ക്വാര്‍ട്ടറില്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ രോഹന്‍ എസ്. കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. ടോസ് നേടിയ കേരള നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി മഹിപാല്‍ ലോംറോര്‍ സെഞ്ച്വറി നേടി. 114 പന്തില്‍ നിന്നും പുറത്താകാതെ 122 റണ്‍സാണ് ലോംറോര്‍ നേടിയത്.

ലോംറോറിന് പുറമെ കുണാല്‍ സിങ് റാത്തോര്‍ അര്‍ധ സെഞ്ച്വറിയും നേടി. 52 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്. ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 267 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗത്തില്‍ തകര്‍ന്നപ്പോള്‍ വെറും 21 ഓവറില്‍ 67 റണ്‍സിന് ടീം ഓള്‍ ഔട്ടായി. എട്ട് പേര്‍ ഒറ്റയക്കത്തിനാണ് പുറത്തായത്. 39 പന്തില്‍ 28 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. 21 പന്തില്‍ 11 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കുന്നുമ്മലാണ് ഇരട്ടയക്കം കണ്ട അടുത്ത താരം.

ഇതോടെ കിരീടമെന്ന മോഹം കേരളം വീണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നോക്ക് ഔട്ട് ഘട്ടത്തിലെ മോശം പ്രകടനങ്ങളിലൊന്നാണ് സൗരാഷ്ട്രയില്‍ കണ്ടത്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളത്തിന്റെ പ്രകടനങ്ങള്‍ പരിശോധിക്കാം.

2013ല്‍ സൗത്ത് സോണില്‍ നിന്നും നോക്ക് ഔട്ട് സ്‌റ്റേജിന് യോഗ്യത നേടിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെ 46 റണ്‍സിന് തോല്‍പിച്ചു. സെമി ഫൈനലില്‍ അസമിനോട് അഞ്ച് വിക്കറ്റിന് തോറ്റ് പുറത്തായി.

2014ല്‍ കേരളത്തിന്റെ പ്രകടനം ഗ്രൂപ്പ് ഘട്ടത്തില്‍ ഒതുങ്ങി. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമാണ് കേരളത്തിനുണ്ടായിരുന്നത്.

2015ലും 2016ലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകാനായിരുന്നു കേരള ടീമിന്റെ വിധി. 2016ല്‍ ആറ് മത്സരത്തില്‍ നിന്നും രണ്ട് ജയവും 2016ല്‍ ആറ് മത്സരത്തില്‍ നിന്നും ഒരു ജയവുമാണ് കേരളത്തിന് ഉണ്ടായിരുന്നത്. 2016ല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരും കേരളം തന്നെയായിരുന്നു.

2017ല്‍ നില മെച്ചപ്പെടുത്തിയെങ്കിലും വീണ്ടും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയും അടക്കം മൂന്നാം സ്ഥാനക്കാരായാണ് കേരളം ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്.

2018ലും 2019ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെയാണ് കേരളത്തിന് പുറത്താകേണ്ടി വന്നത്.

2020ല്‍ ഗ്രൂപ്പ് സിയില്‍ നിന്നും മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിന് യോഗ്യത നേടിയ കേരളം നോക്ക് ഔട്ടില്‍ അയല്‍ക്കാരായ കര്‍ണാടകയോട് 80 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. കര്‍ണാടക ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 258 റണ്‍സിന് ഓള്‍ ഔട്ടായി.

2021ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി മുന്നോട്ട് കുതിച്ചെങ്കിലും ക്വാര്‍ട്ടറില്‍ സര്‍വീസസിനോട് പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 40.3 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 30.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സര്‍വീസസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

2022ല്‍ ഗ്രൂപ്പ് സിയില്‍ നിന്നും പ്രിലിമിനറി ക്വാര്‍ട്ടറിന് കേരളം യോഗ്യത നേടിയിരുന്നു. എന്നാല്‍ ജമ്മു കശ്മീരിനോടാണ് കേരളത്തിന് പരാജയം സമ്മതിക്കേണ്ടി വന്നത്. കേരളം ഉയര്‍ത്തിയ 175 റണ്‍സിന്റെ ലക്ഷ്യം ഏഴ് വിക്കറ്റും 77 പന്തും ശേഷിക്കെ ജമ്മു കശ്മീര്‍ മറികടന്നു.

2023ല്‍ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലും കേരളത്തിന്റെ കണ്ണീര്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

അടുത്ത വര്‍ഷം ജനുവരി അഞ്ചിനാണ് കേരളം ഇനി അടുത്ത ആഭ്യന്തര മത്സരത്തിനിറങ്ങുന്നത്. രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഉത്തര്‍ പ്രദേശാണ് എതിരാളികള്‍.

Content Highlight: Kerala’s performances in last ten years in Vijay Hazare Trophy

We use cookies to give you the best possible experience. Learn more