തിരുവനന്തപുരം: നേപ്പാള്‍ നിരത്തുകള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീംജി യാത്ര തുടങ്ങി. രണ്ട് ട്രക്കുകളിലായി 22 ഓട്ടോകളാണ് തിരുവനന്തപുരത്ത് നിന്ന് ആദ്യ ദിനം പുറപ്പെട്ടത്.
10 ദിവസത്തെ യാത്രയാണ് റോഡ്മാര്‍ഗം നേപ്പാളിലെത്താന്‍ വേണ്ടത്. അടുത്തമാസം നീംജി നേപ്പാളില്‍ ഓടിത്തുടങ്ങും.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഇലക്ട്രിക് ഓട്ടോ നീംജി നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് കെ.എ.എല്ലിന്റെ പ്രതീക്ഷ.
2007 മുതല്‍ നിലച്ചുപോയ കയറ്റുമതിയാണ് കെ.എ.എല്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.
വ്യവസായമന്ത്രി ഇ.പി.ജയരാജനാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്.
ഫ്ളാഗ് ഓഫിന് മുമ്പ് തന്നെ എട്ട് ഓട്ടോകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി ഡീലര്‍മാരായ ഹിമാലയ മോട്ടോര്‍ഡ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് കെ.എ.എല്ലിന് ലഭിച്ചു. ആദ്യ ഓര്‍ഡറിലെ ശേഷിക്കുന്ന മൂന്നെണ്ണം അടക്കം 11 ഇ-ഓട്ടോകള്‍ കൂടി ഉടന്‍ തന്നെ നേപ്പാളിലേക്ക് പുറപ്പെടും.
തകര്‍ച്ചയില്‍ നിന്ന് നേട്ടത്തിലേക്ക് കുതിക്കാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് കരുത്തായ ജീവനക്കാരെയും മാനേജ്മെന്റിനെയും മന്ത്രി അഭിനന്ദിച്ചു.
നേപ്പാളിന് പുറമെ ശ്രീലങ്ക , ബംഗ്ലാദേശ്, കെനിയ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 17 ഓളം ഡീലര്‍മാരാണ് വിവിധ ജില്ലകളിലായി ഉള്ളത്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ് , ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറാവുകയാണ്.