കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചുപോയെന്ന് എഴുത്തുകാരിയും സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സാറ ജോസഫ്. കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷനില്‍ എന്‍.ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ്.
താന്‍ പഠിച്ചതോ തന്റെ പിതാവ് തന്നോട് പറഞ്ഞതോ താന്‍ വായിച്ച് മനസിലാക്കിയതോ ആയ കമ്യൂണിസമല്ല ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു. അനീതി നടപ്പിലാക്കാന്‍ വേണ്ടി സ്വയം വിഴുങ്ങുന്ന അവസ്ഥായാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.
പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ച് ഇപ്പോള്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും സാറ ജോസഫ് പറഞ്ഞു. സൈലന്റ് വാലി സമരം നടക്കുന്നത് വരെ നമ്മള്‍ വലിയ പാരിസ്ഥിതിക അവബോധമുണ്ടായിരുന്ന ജനത ആയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. മുമ്പ് നമുക്ക് നല്ല മഴയും നല്ല വെള്ളവും ശുദ്ധമായ ജലാശയങ്ങളും ഉണ്ടായിരുന്നെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് നമ്മുടെ കുട്ടികള്‍ കുളത്തില്‍ കുളിച്ചാല്‍ അമീബിക് ജ്വരം വരുമോ എന്ന് പേടിക്കുന്ന തരത്തിലേക്ക് നമ്മുടെ ജലാശയങ്ങല്‍ നശിച്ചെന്നും അവര്‍ പറഞ്ഞു. ആ നശിപ്പിച്ചതിനെ നമുക്ക് ചോദ്യം ചെയ്യാന്‍ പറ്റിയോ എന്നും അവര്‍ ചോദിച്ചു. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ പരിസ്ഥിതി വാദികളെന്ന് വിളിച്ച് മാറ്റി നിര്‍ത്തുകയാണെന്നും സാറ ജോസഫ് പറഞ്ഞു. പാരിസത്ഥിക ആഘാതം വരുത്തുന്ന വ്യവസ്ഥിതിക്കെതിരെ ശബ്ദിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നിന്നില്ലെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
ആര് അധികാരത്തില്‍ വരുമ്പോഴും അതിരപ്പള്ളി പദ്ധതി കൊണ്ടുവരുമെന്ന് പറയുന്ന നെഞ്ചൂക്കിനെ നേരിടാന്‍ സമൂഹം ഒറ്റക്കെട്ടായി തയ്യാറാകാണമെന്നും സാറ ജോസഫ് പറഞ്ഞു. അല്ലെങ്കില്‍ വയനാട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ നെഞ്ചൂക്കിനെ നേരിടാന്‍ നമ്മള്‍ തയ്യാറാകുന്നില്ലെന്നും എല്ലാവരും അവരവരുടെ സുഖസൗകര്യങ്ങളും വിശ്വാസ പ്രമാണങ്ങളും കക്ഷി രാഷ്ട്രീയ താത്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് തയ്യാറാകുന്നതെന്നും അവര്‍ പറഞ്ഞു.
ഇക്കാരണത്താല്‍ ഭാവി തലമുറക്ക് വിനാശം വരുത്തിവെക്കുന്ന തലമുറയാണ് നമ്മളെന്നും സാറ ജോസഫ് പറഞ്ഞു. അതുകൊണ്ടു തന്നെ കേരളത്തിലെ പാരിസ്ഥിതിക അവബോധത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ലജ്ജ തോന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള അളിഞ്ഞുനാറിയ അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യാതെയും തിരുത്താതെയും നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞു.
ഇന്നും നാളെയുമായാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം കോഴിക്കോട് നടക്കുന്ന ആദ്യത്തെ കള്‍ച്ചറല്‍ ഫെസ്റ്റാണ് പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് സീസണ്‍ 2.
ടി.ബി.എസ്/പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥമാണ് ദ്വിദിന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
content highlights: Kerala’s left mentality is dead: Sarah Joseph