കേരള സര്‍ക്കാരിന് കടമെടുപ്പിന് അനുമതി നല്‍കിയെന്ന് സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളവുമായുള്ള തര്‍ക്കത്തില്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് തന്നെ പറയാം.
ഒരു തരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമര്‍ദത്തിലാഴ്ത്തിയത് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ശക്തമായി കോടതിയെ ബോധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
കടമെടുക്കുന്നത് യൂണിയനില്‍ നിന്നല്ലാത്തതിനാല്‍, കടമെടുപ്പിന് യൂണിയന്റെ സമ്മതം സംസ്ഥാനത്തിന് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശഠിക്കുന്നതിന്റെ അടിസ്ഥാനത്തെ കബില്‍ സിബല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.
അതേസമയം ഹരജി പിന്‍വലിച്ചാല്‍ 13,000 കോടി ഉടന്‍ അനുവദിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
കേരളം ആവശ്യപ്പെടുന്ന 13,608 കോടി രൂപ ഏത് സാഹചര്യത്തിലാണെങ്കിലും സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അത് കേന്ദ്രത്തിന്റെ ഇളവല്ലെന്നും കപില്‍ സിബല്‍ വാദിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനവവിഭവശേഷി സംസ്ഥാനത്തിന്റെ പ്രധാന മൂലധന സ്വത്താണെന്നും ആയതിനാല്‍ കേരളത്തിലെ വിദ്യാഭ്യാസത്തിനും ആരോഗ്യ സേവനങ്ങള്‍ക്കും ഗണ്യമായ ബജറ്റ് വിഹിതം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 293 കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിപണിയില്‍ നിന്ന് കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിന്റെ പരിധിയുമായി ബന്ധപ്പെട്ടതാണ് എന്നും കബില്‍ സിബല്‍ പറഞ്ഞു.
കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്രത്തിനോട് സഹകരിക്കാമെന്ന് സമ്മതിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതനായ വ്യക്തി സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയെന്നും സിബല്‍ കോടതിയില്‍ വ്യക്തമാക്കി.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ശമ്പളവും ക്ഷാമബത്തയും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാറെന്നും സിബല്‍ കോടതിയെ അറിയിച്ചു. 13,608 കോടി അനുവദിച്ചാലും അത് ഏഴുദിവസത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അതിനാല്‍ സംസ്ഥാനത്തിന് 50,000 കോടി രൂപ അധിക കടമെടുക്കേണ്ടതുണ്ടെന്നും കേരളം ആവശ്യപ്പെട്ടു.
‘ഞങ്ങള്‍ അടിയന്തരാവസ്ഥയിലാണ്, കുറച്ച് ആശ്വാസം ഞങ്ങള്‍ക്ക് ആവശ്യമാണ്,’ എന്ന് ചൂണ്ടിക്കാട്ടിയ സിബലിനോട്, എന്താണ് നിങ്ങള്‍ അനുഭവിക്കുന്ന അടിയന്തരാവസ്ഥ എന്ന് കോടതി ചോദിച്ചു.
‘കേന്ദ്ര നിലപാട് സംസ്ഥാനത്തിന് അനുകൂലമല്ലാത്തതിനാല്‍ പൊതു ഫണ്ടുകള്‍, പെന്‍ഷന്‍, ഡി.എ, ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ സാധിക്കുന്നില്ല. രണ്ട് ചൊവ്വാഴ്ചകള്‍ കൂടി നഷ്ടമായാല്‍ ഞങ്ങള്‍ക്ക് ആര്‍.ബി.ഐയില്‍ നിന്ന് കടമെടുക്കാന്‍ കഴിയില്ല,’ സിബല്‍ പറഞ്ഞു.
ഉയര്‍ന്ന ജനസാന്ദ്രത കാരണം കേരളം ഒരു ഉത്പാദന സംസ്ഥാനമല്ലെന്നും വിനോദസഞ്ചാരവും ഐ.ടിയുമാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
ഹരജിയില്‍ വാദം കേട്ട സുപ്രീം കോടതി, ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനത്തിന്റെ ആവശ്യം കേരളത്തിന്റെ അവകാശമാണെന്ന് വ്യക്തമാക്കി. അധിക വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കേസ് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ശാഠ്യം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേന്ദ്രത്തെ വിമര്‍ശിച്ചത്.
ഇത്തരത്തിലുള്ള ഒരു സ്യൂട്ട് ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, കേരളം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വരുന്ന രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്തിമ തീരുമാനത്തില്‍ എത്തണമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്തിന് 13,600 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഊര്‍ജ്ജമേഖല പരിഷ്‌കരണത്തിന് 4,866 കോടി രൂപയും അനുവദിച്ചു.
അടിയന്തരമായി 26,000 കോടി രൂപ കൂടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ ആവശ്യം. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല.
സമവായ ചര്‍ച്ചയും സുപ്രീം കോടതിയിലെ കേസും ഒരുമിച്ച് പോകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ വാദം.
എന്നാല്‍ കേരള സര്‍ക്കാരിന്റെ ആവശ്യത്തിന് മുന്നില്‍ കേന്ദ്രത്തിന് മുട്ടുകുത്തേണ്ടി വന്നു. കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ പൊള്ളയായ വാദങ്ങള്‍ക്ക് ഏറ്റ പ്രഹരം കൂടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
Content Highlight: Kerala’s arguments in the Supreme Court brought the central government to its knees on borrowing