national news
കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് കര്‍ണാടക പിടിച്ചെടുത്തു; സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 06, 02:41 am
Monday, 6th May 2019, 8:11 am

ബെംഗളൂരു: കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സിക്കായി കരാര്‍ സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സിക്കായി വാടകക്ക് ഓടുന്ന ടി.എല്‍ 10 സ്‌കാനിയ ബസാണ് പിടിച്ചെടുത്ത്.

ഞാറാഴ്ച രാത്രി 9.30ന് ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെടേണ്ട ബസാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ വൈകിട്ട് മൂന്നരയോടെ സ്വകാര്യ ബസുകളുടെ പ്രധാന ഓപ്പറേറ്റിംഗ് കേന്ദ്രമായ മഡിവാളയില്‍ വെച്ച് പിടിച്ചെടുത്തത്.

ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്നും റോഡ് നികുതി അടച്ചില്ലെന്നും ആരോപിച്ചാണ് ബസ് പിടിച്ചെടുത്തത്. കേരളത്തില്‍ നികുതിയടച്ച രേഖകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും വിട്ടുനല്‍കിയില്ലെന്നാണ് ആരോപണം.

ബസിന്റെ പിന്നിലും വശങ്ങളിലും പരസ്യം പതിച്ചിരിക്കുന്നത് അനുവദനീയമല്ലെന്നും കേരള ആര്‍.ടി.സിക്കുവേണ്ടിയാണ് സര്‍വിസെങ്കിലും സ്വകാര്യ ബസായതിനാല്‍ നികുതിയടച്ച രസീതും യഥാര്‍ത്ഥ പെര്‍മിറ്റും ഹാജരാക്കാനാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

പൊതുമേഖലാ കോര്‍പറേഷനുകള്‍ക്കായി ഓടുന്ന ബസുകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സാവകാശം നല്‍കാറുണ്ട്. അതിനാല്‍ അസല്‍ രേഖകള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്നില്ല.

ഇതാദ്യമായാണ് കെ.എസ്.ആര്‍.ടി.സിക്ക് നേരെ ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത്. തുടര്‍ന്ന് കേരളത്തില്‍നിന്നും മന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥതലത്തിലും നടത്തിയ ഇടപെടലിലൂടെ ഞായറാഴ്ച രാത്രി ഏഴരയോടെ ബസ് വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയാറായി.

അതേസമയം, ബസ് വിട്ടുനല്‍കുന്നത് വൈകിപ്പിച്ച്, സ്വകാര്യ ബസ് ലോബിയുമായി ചേര്‍ന്ന് മനപ്പൂര്‍വം ട്രിപ് മുടക്കാനുള്ള നീക്കമാണ് ചന്താപുര ആര്‍.ടി.ഒ അധികൃതര്‍ നടത്തിയതെന്നാണ് കേരള ആര്‍.ടി.സി അധികൃതരുടെ ആരോപണം.