'പശുക്കളെക്കൊണ്ടാണ് ക്യൂബ രക്ഷപ്പെട്ടതെന്ന കാര്യം ഓര്‍ക്കണം' ഡി.വൈ.എഫ്.ഐയ്ക്ക് ആര്‍.എസ്.എസ് സ്റ്റഡി ക്ലാസ്
Kerala
'പശുക്കളെക്കൊണ്ടാണ് ക്യൂബ രക്ഷപ്പെട്ടതെന്ന കാര്യം ഓര്‍ക്കണം' ഡി.വൈ.എഫ്.ഐയ്ക്ക് ആര്‍.എസ്.എസ് സ്റ്റഡി ക്ലാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2017, 8:29 am

തിരുവനന്തപുരം: ദാരിദ്ര്യത്തില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ക്യൂബ കരകയറിയത് പശു സംരംക്ഷണത്തിലൂടെയാണെന്ന് ആര്‍.എസ്.എസ്. ഇത് കേരളത്തിലെ ഡി.വൈ.എഫ്.ഐക്കാര്‍ മനസിലാക്കണമെന്നും ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച “മടങ്ങാം ഗ്രാമത്തിലേക്ക് ഗോവിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക്” എന്ന പുസ്തകത്തില്‍ പറയുന്നു.

പശുസംരക്ഷണത്തെക്കുറിച്ച് മലയാളികളെ ബോധവാന്മാരാക്കാന്‍ എന്ന അവകാശവാദത്തോടെ കേരളത്തിലെ ഗോസേവ വിഭാഗമാണ് പുസ്തകം പുറത്തിറക്കിയത്.


Must Read: ‘ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് നടന്നില്ല, പിന്നെയാ…’; അവര്‍ക്കെന്നെ ഇത്തവണയും കൊല്ലാന്‍ കഴിഞ്ഞില്ലെന്ന കുമ്മനത്തിന്റെ പോസ്റ്റിന് ട്രോളന്മാരുടെ പൊങ്കാല


ഗോഹത്യ നിരോധനം കൊണ്ടാണ് ക്യൂബ രക്ഷപ്പെട്ടതെന്നാണ് പുസ്തകത്തിലെ പ്രധാന “തിയറികളില്‍” ഒന്ന്.

“ക്യൂബയില്‍ ഗോഹത്യ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയാണ്. ഡി.വൈ.എഫ്.ഐ ഇതു തിരിച്ചറിയണം.” പുസ്തകത്തില്‍ പറയുന്നു.

“ഇറാനും ഗോഹത്യ നിരോധിച്ചിട്ടുണ്ട്. മ്യാന്‍മറും. പശുവിനെ അറുക്കുന്നവരെ നാടുകടത്തുമെന്നാണ് ഇവിടുത്തെ ശിക്ഷ.”

“ബ്രിട്ടീഷുകാരാണ് ബീഫ് തിന്നുന്ന ശീലം ഇവിടെയുണ്ടാക്കിയത്. അത് 1760കളിലായിരുന്നു. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ ഗവര്‍ണര്‍ റോതബേര്‍ട്ട് കല്‍ക്കത്തയില്‍ ദിവസം 30000 പശുക്കളെ അറുക്കാവുന്ന അറവുശാലയുണ്ടാക്കി.” പുസ്തകത്തില്‍ പറയുന്നു.

1760 നുമുമ്പ് രാജ്യത്ത് ഒരു പശുവിനെ പോലും അറുത്തിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഗോഹത്യ നിരോധിക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും പുസ്തകത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിനു പുറമേ ബീഫ് കഴിക്കുന്നത് ആളുകളെ രോഗിയാക്കുമെന്ന “കണ്ടെത്തലും” പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

“ഭാരതത്തിലെ ബീഫ് തീറ്റക്കാരുടെ കേന്ദ്രമായ കേരളം മുഴുവന്‍ രോഗിയായിരിക്കുകയാണ്. കൂണുകള്‍ പോലെ ആശുപത്രികള്‍ പൊങ്ങിയിട്ടും അവയെല്ലാം ഹൗസ്ഫുള്‍ ആണെന്നും” പുസ്തകത്തില്‍ പറയുന്നു.

ബീഫ് ഫെസ്റ്റിവെലിലൂടെ മരുന്നുനിര്‍മാണ കമ്പനികള്‍ക്കാണ് നേട്ടമെന്നാണ് മറ്റൊരു “തിയറി”. 1948ല്‍ രാജ്യത്തെ മരുന്നു നിര്‍മാണ കമ്പനികളുടെ വിറ്റുവരവ് 12 കോടി രൂപയായിരുന്നെങ്കില്‍ 1971ല്‍ അത് 300കോടിയായും 1990-91ല്‍ 4300 കോടിയായി ഉയര്‍ന്നെന്നും പുസ്തകത്തില്‍ പറയുന്നു.