കൊച്ചി: വീട്ടില്‍ സൂക്ഷിച്ചിരുന്ന കരിമണിമാല വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി. റെയ്ഡിനിടെ മാല മോഷ്ടിച്ച ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ പാപ്പിനശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മോഹനന്റെ വസതിയില്‍ 2014 ജനുവരി 16-നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡ് കഴിഞ്ഞപ്പോള്‍ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മുഴുവന്‍ വസ്തുക്കളുടേയും കണക്ക് രേഖപ്പെടുത്തി തിരിച്ചു കൊടുത്തിരുന്നു.
എന്നാല്‍ ആഭരണപ്പെട്ടിയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലമതിപ്പുള്ള കരിമണിമാല നഷ്ടപ്പെട്ട വിവരം മോഹനന്റെ ഭാര്യ സൈറാബായി അറിഞ്ഞത് കുറച്ച് കഴിഞ്ഞപ്പോഴാണ്. പൊലീസിനോട് ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഇവര്‍ കംപ്ലൈന്റ്‌സ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
നാല് പവന്റെ കരിമണി മാലയും 200 രൂപ വിലയുള്ള റോള്‍ഡ് ഗോള്‍ഡ് മാലയും പൊലീസ് എടുക്കുന്നത് താന്‍ കണ്ടുവെന്ന് സൈറാബായി മൊഴിനല്‍കി. മുക്ക് പണ്ടമായതിനാല്‍ തിരിച്ച് കൊടുത്തെന്നാിരുന്നു അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ മൊഴി. പരിശോധനാ സംഘത്തിലെ തട്ടാന്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം മൊഴി നല്‍കി.
Don”t Miss: നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല; അല്ലെങ്കില്‍ കാണാമായിരുന്നു: ശശികല
എന്നാല്‍ തട്ടാന് ലൈസന്‍സ് ഇല്ലെന്ന് അതോറിറ്റി കണ്ടെത്തി. റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും പൊലീസിന് കഴിഞ്ഞില്ല. വീഡിയോ ഹാജരാക്കാമെന്ന് ആദ്യം ഉറപ്പു നല്‍കിയ പൊലീസ് ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് പറഞ്ഞാണ് പിന്നീട് ഒഴിഞ്ഞു മാറിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 സിറ്റിംഗ് നടത്തിയെങ്കിലും കരിമണി മാല എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്നലെയാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. മാലയുടെ വിലയായി ഒരുലക്ഷം രൂപയും, കേസിന്റെ ചെലവിലേക്ക് 25,000 രൂപയും, ശാരീരിക-മാനസിക വിഷമതകള്‍ ഉണ്ടാക്കിയതിന് 25,000 രൂപയുമാണ് നല്‍കേണ്ടത്. തുക റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.