| Tuesday, 19th December 2023, 11:51 am

സ്ത്രീധനത്തിന്റെ പേരില്‍ ഷഹന ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ മതനേതൃത്വം പാലിച്ച മൗനം കുറ്റകരം: എ.എന്‍. ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ ഷഹന എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ മത നേതൃത്വം മൗനം പാലിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇത് പറഞ്ഞതിന്റെ പേരില്‍ ഇനി തന്റെ പേരില്‍ കുതിര കയറേണ്ടെന്നും നേരത്തെ ഇത്തരം അഭിപ്രായം പറഞ്ഞതിന്റെ അനുഭവങ്ങള്‍ അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഷഹനയുടെ ആത്മഹത്യയില്‍ കേരളത്തിലെ മതനേതൃത്വം പാലിച്ച മൗനം കുറ്റകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

‘ ഡോ. ഷഹന എന്ന പെണ്‍കുട്ടി സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ മത നേതൃത്വം മൗനം പാലിച്ചു. അത് ശരിയാണോ, ഡൗറി ഇസ്‌ലാമിക വിരുദ്ധമാണ്. ശരിയല്ലാത്ത ചില വിഷയങ്ങളില്‍ ആവേശപൂര്‍വം അഭിപ്രായം പ്രകടിപ്പിച്ച മത നേതൃത്വം, പണ്ഢിത സഭ എന്ത് കൊണ്ട് ഷഹന എന്ന പെണ്‍കുട്ടി സ്ത്രീധനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചു. അത് ചര്‍ച്ച ചെയ്യണം.

ഇനി ഇത് പറഞ്ഞതിന്റെ പേരില്‍ എന്റെ പെരടിക്ക് കയറുകയൊന്നും വേണ്ട. ചില അഭിപ്രായം പറഞ്ഞപ്പോഴുള്ള അനുഭവം എനിക്കുണ്ട്. ചില സത്യങ്ങള്‍ വിളിച്ചു പറയുമ്പോഴാണ് പലപ്പോഴും വേട്ടയാടപ്പെടുന്നത്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.

ഷഹനയുടെ മരണത്തില്‍ കേരളത്തിലെ മതപണ്ഢിതന്‍മാര്‍ പാലിച്ച മൗനം കുറ്റകരമാണ്. ഇസ്‌ലാം നിശിദ്ധമാക്കിയതാണ് ഡൗറി. മഹറ് കൊടുക്കുന്നത് എന്തിനാണ്. ഇവിടെ മഹറ് 10 പവന്‍ കൊടുക്കും. പകരം ആണിന് 150 പവനും 15 ലക്ഷവും ബെന്‍സ് കാറുമാണ് പറയുന്നത്. അതില്‍ മുഖ്യധാര പണ്ഢിതന്‍മാരെല്ലാം പാലിച്ചത് മൗനമാണ്. അത് മുസ്‌ലിമാകട്ടെ, ഹിന്ദുവാകട്ടെ, ക്രിസത്യനാകട്ടെ, ഇത്തരം തെറ്റായ പ്രവണതകളുണ്ടാകുമ്പോള്‍ അതില്‍ ശക്തമായ അഭിപ്രായം പറയണം,’ എ.എന്‍. ഷംസീര്‍ പറഞ്ഞു.

content highlights: Kerala religious leadership’s silence when Shahana committed suicide over dowry is criminal: A.N. Shamsir

Latest Stories

We use cookies to give you the best possible experience. Learn more