ന്യൂദല്‍ഹി: വിദേശഫണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നുവെന്നും ബി.ജെ.പി. വിദേശത്തു നിന്നും സംഭാവന സ്വീകരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് നിലവിലെ എഫ്.സി.ആര്‍.എ നിയമം ഭേദഗതി ചെയ്യുന്നതിനിടെയായിരുന്നു ബി.ജെ.പി അംഗങ്ങളുടെ പരാമര്‍ശം.
വിദേശ ഫണ്ട് സ്വീകരിച്ച് കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. പുതിയ ഭേദഗതി പ്രകാരം സംഭാവനകളുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയില്ല.
കേരളവും കര്‍ണാടകവുമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ തോതില്‍ ഐ.എസ് സാന്നിധ്യമുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി എം.പി ജി.എസ് ബാസവരാജും കേരളത്തിലെ കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ട് വസ്തുതാപരമായി തെറ്റാണെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി രേഖാമൂലം സഭയെ അറിയിക്കുകയായിരുന്നു. ഐ.എസ്, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകളെക്കുറിച്ച് സര്‍ക്കാര്‍ ബോധവാന്‍മാരാണെന്നും സത്വരനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ഐ.എസുമായി ബന്ധപ്പെട്ട് 34 കേസാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. ഇതില്‍ 160 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധപ്പെട്ട് 20 കേസുകളും 80 അറസ്റ്റും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
തെലങ്കാന, കേരള, ആന്ധപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്് എന്നിവിടങ്ങളില്‍ നിന്നായി 17 കേസുകള്‍ ഐ.എസ് ബന്ധത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഐ.എസ്, അല്‍ഖ്വയ്ദ, അനുബന്ധ സംഘടനകള്‍ എന്നിവ സംബന്ധിച്ച യു.എന്നിന്റെ 26-ാമത് റിപ്പോര്‍ട്ടിലായിരുന്നു കേരളത്തിലും കര്‍ണാടകത്തിലും ഐ.എസിന്റെ വ്യാപക സാന്നിധ്യമെന്ന ആരോപണം ഉയര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക