ന്യൂദല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5,000 കോടി നല്‍കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളി കേരളം. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.
കേരളത്തിന് ഈ മാസം 5000 കോടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. പക്ഷെ ആ തുക അടുത്ത വര്‍ഷത്തെ പരിധിയില്‍ നിന്ന് കുറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളം മറ്റ് വഴികള്‍ കണ്ടെത്തണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍ പതിനായിരം കോടി രൂപ ഉടന്‍ നല്‍കണമെന്നാണ് കേരളം കോടതിയില്‍ ആവശ്യപ്പെട്ടത്.
കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല മറിച്ച് കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. 5000 കോടി ഔദാര്യം പോലെ അനുവദിച്ച് കേരളത്തിന്റെ സമ്പത്ത് നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇതെന്താണ് സംഭവിക്കുന്നത്. ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമല്ലേ. സംസ്ഥാനങ്ങളുടെ സമ്പത്ത് നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ കേസ് മെരിറ്റില്‍ നിലനില്‍ക്കില്ല എന്നു തീര്‍പ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ നിബന്ധനകള്‍. പിന്നെ ഈ കേസിനെന്താണ് പ്രസക്തി. അതു കൊണ്ട് ഞങ്ങള്‍ ഈ തുക സ്വീകരിക്കുന്നില്ല,’ കപില്‍ സിബല്‍ പറഞ്ഞു.
കേന്ദ്ര നിര്‍ദേശം കേരളം സ്വീകരിക്കാത്തതിനാല്‍ ഇടക്കാല ഉത്തരവിന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കേസ് 21ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Content Highlight: Kerala Rejects Union’s Offer To Allow Borrowing Of Rs 5K Crores With Conditions, Urges Supreme Court To Hear Suit On Merits