| Tuesday, 16th March 2021, 6:57 pm

'കിറ്റ് കൊടുത്തത് കേരളസര്‍ക്കാര്‍ തന്നെ'; കേന്ദ്രസര്‍ക്കാരാണ് നല്‍കിയതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കിറ്റില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് വിതരണം ചെയ്ത റേഷന്‍ കിറ്റ് കേരള സര്‍ക്കാര്‍ വിതരണം ചെയ്തത് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരാണ് ഭക്ഷ്യകിറ്റ് നല്‍കിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

‘കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോ? കാര്യങ്ങളെ വക്രീകരിക്കാനാണ് ശ്രമം. ഇതാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതാക്കള്‍ ചെയ്യുന്നത്’, പിണറായി പറഞ്ഞു.

കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നു.

അതേസമയം ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ? ഇത്തരം ആവശ്യത്തിന് വേണ്ടി നാട്ടില്‍ നിന്ന് പിരിച്ച തുക എന്തിന് വേണ്ടി ചിലവാക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Ration Food Kit Pinaray Vijayan

We use cookies to give you the best possible experience. Learn more