ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ കേരളം ആറാം സ്ഥാനത്ത്, വയനാട് പതിമൂന്നാമതും; ഐ.എസ്.ആര്‍.ഒ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസ്
Kerala News
ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ കേരളം ആറാം സ്ഥാനത്ത്, വയനാട് പതിമൂന്നാമതും; ഐ.എസ്.ആര്‍.ഒ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 1:07 pm
കേരളത്തില്‍ തൃശൂരിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലായും ഉള്ളത്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം)യുടെ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്ത്. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 147 ജില്ലകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

പട്ടിക പ്രകാരം ഇന്ത്യയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 19 സംസ്ഥാനങ്ങളാണ് ഉള്ളത്. വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 300ലധികം ആളുകള്‍ മരിച്ച സാഹചര്യത്തിലാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട പട്ടിക ചര്‍ച്ചയാകുന്നത്. ഐ.എസ്.ആര്‍.ഒ സ്ഥാപനമായ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ 2023 ഫെബ്രുവരിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്.

പട്ടികയനുസരിച്ച് ദേശീയ തലത്തില്‍ വയനാട് പതിമൂന്നാമതും കേരളത്തില്‍ അഞ്ചാം സ്ഥാനത്തുമാണ്. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് 13 ജില്ലകളും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ സംസ്ഥാനം ആറാം സ്ഥാനത്ത് നില്‍ക്കുന്നത്.

കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളാണ് കൂടുതലായി ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നത്. ഈ പ്രദേശങ്ങളുടെ 90,000 കിലോമീറ്റര്‍ വരുന്ന ഭാഗങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്.

ഇതിനുപുറമെ രാജ്യത്തിന്റെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളവയാണെന്നും ഐ.എസ്.ആര്‍.ഒ പറയുന്നു. അതേസമയം കേരളത്തിന് പുറമെ ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മറ്റു സംസ്ഥാനങ്ങള്‍.

റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജനസാന്ദ്രതയാണ് ഉരുള്‍പൊട്ടലില്‍ സംസ്ഥാനത്തിന് വെല്ലുവിളിയാകുന്നത്. ഉയര്‍ന്ന ജനസാന്ദ്രത ദുരന്തങ്ങളിലെ മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉരുള്‍പൊട്ടല്‍ കൂടുതലാണെങ്കിലും കുറഞ്ഞ ജനസാന്ദ്രത മരണ നിരക്കിനെ കുറക്കുന്നു.

കേരളത്തില്‍ തൃശൂരിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലായും ഉള്ളത്. ദേശീയ തലത്തില്‍ തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവ യഥാക്രമം അഞ്ചും ഏഴും പത്തും സ്ഥാനത്തും നിലനില്‍ക്കുന്നു.

കേരളത്തിലെ മറ്റു ജില്ലകളായ എറണാകുളം 15ഉം ഇടുക്കി 18ഉം കോട്ടയം 24ഉം കണ്ണൂര്‍ 26ഉം തിരുവനന്തപുരം 28ഉം പത്തനംതിട്ട 33ഉം കാസര്‍ഗോഡ് 44ഉം കൊല്ലം 48ഉം ആലപ്പുഴ 138ഉം സ്ഥാനത്താണുള്ളത്. വയനാട്ടിലെ പുത്തുമല ദുരന്തം ഉള്‍പ്പെടെ രാജ്യത്തെ വിവിധ ദുരന്തങ്ങളെ വിലയിരുത്തിയാണ് ഐ.എസ്.ആര്‍.ഒ പട്ടിക തയ്യാറാക്കിയത്.

Content Highlight: Kerala ranks 6th in Landslide Atlas of ISRO