ചക്രവാതച്ചുഴി, ന്യൂനമര്‍ദം; കേരളത്തില്‍ പെരുമഴ പെയ്യും, പത്ത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാം. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മ്യാന്മാറിനും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദമായി മാറുകയും പിന്നീട് കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍ പിടുത്തം വിലക്കിയിട്ടുണ്ട്.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 29/09/2023 രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (Indian Nastional Centre for Ocean Information Services-INCOIS) അറിയിച്ചു.
ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
– കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
– മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
– ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
ഇനിയുള്ള നാല് ദിവസങ്ങളില്‍ ഇടത്തരം മഴയും ഇടിമിന്നലും തുടരാനും സാധ്യത കല്‍പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 28 ഒക്ടോബര്‍ ഒന്ന് വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
28/09/2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
29/09/2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
30/09/2023: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
01/10/2023: എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെലങ്കാനയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്തമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്തമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയും കല്‍പിക്കുന്നുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചേക്കും.
Content highlight: Kerala Rain update