കോഴിക്കോട്ടും കോട്ടയത്തും മലയോരമേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലും ഉണ്ട്. അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും, ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. കാലാവസ്ഥയില്‍ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.