| Friday, 9th August 2019, 3:50 pm

ഇത്തവണ കേരളം പ്രളയം ഭയക്കേണ്ടതില്ല; വയനാട്ടില്‍ ഗുരുതര സാഹചര്യം; നാളത്തോടുകൂടി മഴ ശമിക്കും: ഡോ എസ് അഭിലാഷ്

ആര്യ. പി

കോഴിക്കോട്: അതി തീവ്രമഴയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് സംസ്ഥാനം. പ്രളയസമാനമായ സാഹചര്യത്തിലേക്ക് കേരളം നീങ്ങുകയാണോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും മഴ ശക്തമായി തന്നെ തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ രണ്ട് ദിവസം കൂടി മാത്രമേ തുടരുള്ളൂവെന്നും കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്രളയസാഹചര്യം കേരളത്തില്‍ ഉണ്ടാകില്ലെന്നുമാണ് കൊച്ചി സര്‍വകലാശാല കാലാവസ്ഥാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ് അഭിലാഷ് ഡൂള്‍ന്യൂസിനോട് പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അതി തീവ്രമഴയുടെ പ്രധാനകാരണം മധ്യ ഇന്ത്യയില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദ്ദമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

”ഓഗസ്റ്റ് 4 ാം തിയതി മുതല്‍ മഴയുടെ തീവ്രത കൂടാനുള്ള പ്രധാന കാരണം മധ്യ ഇന്ത്യയില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദ്ദമാണ്. അത് ഇപ്പോള്‍ ശക്തികുറഞ്ഞ് പടിഞ്ഞാറ് ഭാഗത്തേക്ക് നിങ്ങിക്കൊണ്ടിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ മധ്യപ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഉള്ളത്. നാളെത്തോടുകൂടി അത് ഗുജറാത്തില്‍ എത്തിച്ചേരും. ക്രമേണ അതിന്റെ ശക്തി കുറയുകയും ചെയ്യും.

ഇപ്പോള്‍ രണ്ട് ദിവസമായി പടിഞ്ഞാറന്‍ കാറ്റ് വീശിക്കൊണ്ടിരിക്കുന്നത് പശ്ചിമഘട്ട മലനിരകള്‍ക്ക് നേരെ ലംബമായിട്ടാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇതേ ഒരു സ്ഥിതി വിശേഷമായിരുന്നു.” അദ്ദേഹം വിശദീകരിക്കുന്നു.

ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ട് നിങ്ങുന്നതുകൊണ്ട് തന്നെ പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി തെക്ക് നിന്ന് വടക്കോട്ടാവും. ഇപ്പോള്‍ കേരളത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന മഴയ്ക്ക് അതുകൊണ്ട് തന്നെ ശമനം ഉണ്ടാകും. ഒരുപക്ഷേ ഇന്ന് കൂടി ഈ മഴ തുടരും. തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസം മുന്‍പേ കിട്ടിയ അതിതീവ്ര മഴ ഇനി പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗത്ത്.

വടക്കന്‍ കേരളത്തില്‍ പൊതുവെ രണ്ട് ദിവസമായി കിട്ടിയ ശക്തമായ മഴ( ഇന്നലെ വടകരയിലൊക്കെ 30 സെന്റിമീറ്റര്‍ മഴ പെയ്തു.) ഇനി പ്രതീക്ഷിക്കുന്നില്ല. എങ്കിലും വടക്കന്‍ കേരളത്തില്‍ മഴയുടെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍ഗോഡ് എന്നീ ജില്ലകളില്‍. എന്നാല്‍ അവിടേയുംനാളെ വൈകീട്ടോടെ മഴ കുറയുന്ന സാഹചര്യമാണ് കാണുന്നത്.

കേരളത്തില്‍ ഇന്നലെ രണ്ട് ദിവസമായി നിലനിന്നിരുന്ന കട്ടിയുള്ള മേഘങ്ങളുടെ സാന്നിധ്യവും കുറഞ്ഞിട്ടുണ്ട്. അതും ആശാവഹമാണ്. മേഘങ്ങളുടെ കട്ടി കൂടുമ്പോള്‍ അതില്‍ കൊള്ളുന്ന വെള്ളത്തിന്റെ അളവും കൂടും. അത്തരം മേഘങ്ങള്‍ മഴ പെയ്യിക്കുമ്പോള്‍ ഒരു മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മഴ വരെ ലഭിക്കും. കട്ടി കുറഞ്ഞ മേഘങ്ങള്‍ ആണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് രണ്ടോ മൂന്നോ സെന്റിമീറ്റര്‍ മഴയേ ലഭിക്കുകയുള്ളൂ.

ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്റര്‍ മഴ പെയ്യുന്നതും ഒരു ദിവസം പത്ത് സെന്റിമീറ്റര്‍ മഴ ലഭിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു മണിക്കൂറില്‍ പെയ്യുന്ന വലിയ മഴയാണ് നിലമ്പൂരിലൊക്കെ കണ്ടത്. അതിനോടൊപ്പം ഉരുള്‍ പൊട്ടലിന്റെ ഭാഗമായി നദികളിലേക്ക് വന്ന വെള്ളവും ചേര്‍ന്നാണ് ഒരു പ്രളയ സാഹചര്യം അവിടെ ഉണ്ടാക്കിയത്. ഇനിയങ്ങോട്ടുള്ള ദിവസം മഴയുടെ തീവ്രത കുറയുന്ന രീതിയിലേക്കാണ് പോകുന്നത്.

കഴിഞ്ഞവര്‍ഷത്തെ മഴയും പ്രളയവും

കഴിഞ്ഞ വര്‍ഷവും ഈയൊരു സമയത്താണ് നിലമ്പൂരിലും വയനാട്ടിലും വലിയ മഴ ലഭിച്ചത്. അതിന് ശേഷം ഓഗസ്റ്റ് 14 നും 15 നുമൊക്കെ തീവ്രമായ മഴ കിട്ടി. എന്നാല്‍ അങ്ങനെയൊരു രണ്ടാം ഘട്ടത്തിനുള്ള സാധ്യത ഇപ്പോള്‍ കാണുന്നില്ല. കാരണം പത്താം തിയതിയോടെ മഴ കുറഞ്ഞു കഴിഞ്ഞാല്‍ വടക്കു പടിഞ്ഞാറന്‍ പെസഫിക് സമുദ്രത്തില്‍ രണ്ട് വലിയ ടൈഫൂണ്‍സ് ( വളരെ തീവ്രതയുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റ്) വരാനുണ്ട്. അപ്പോള്‍ മഴ മേഘങ്ങളും കാറ്റുമെല്ലാം ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കും. അതോടെ ഇവിടെ മധ്യ ഇന്ത്യയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയ്ക്ക് ശമനമുണ്ടാകും. കേരളത്തിലും മഴ കുറയും.

എന്നാല്‍ 14 നും 15 നും തെക്കന്‍ കേരളത്തില്‍ തീരദേശത്ത് ചെറിയ മഴ കിട്ടും. എന്നാല്‍ മലയോരമേഖലകളിലൊക്കെ ഇപ്പോള്‍ കിട്ടുന്ന രീതിയിലുള്ള വലിയ മഴ നമ്മള്‍ പ്രതീക്ഷിക്കുന്നില്ല.

വയനാടില്‍ കാണുന്നത് കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലുള്ള ഗുരുതരത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത്രയ്ക്ക് തീവ്രമായ മഴയാണ് ലഭിക്കുന്നത്, 30 സെന്റിമീറ്റര്‍. അതേസമയം കേരളം മുഴുവന്‍ ലഭിക്കുന്ത് 10-15 സെന്റിമീറ്റര്‍ തോതിലുള്ള മഴയാണ്. അതും വലിയ മഴ തന്നെയാണ്. വടക്കന്‍ കേരളത്തില്‍ കിട്ടിയ മഴയുടെ തോത് കൂടുതലും അതി തീവ്രമായിരുന്നു.

എല്ലാ ജില്ലകളിലും ഏകദേശം 25-30 സെന്റിമീറ്റര്‍ മഴ ലഭിച്ചു. അത് വലിയ അളവാണ്. അതാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയത്. രണ്ടാം ഘട്ടം ഉണ്ടാവാത്തതുകൊണ്ട് തന്നെ വലിയൊരു പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് കരുതാം.

തുടരുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരുമൊക്കെ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമാണ് കൂടുതലും കാണുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലെ പരിസ്ഥിതി ദുര്‍ബല മേഖലളില്‍ തന്നെയാണ് ഇത്തവണയും ഇത് ഉണ്ടായത്. നമ്മുടെ ഭൂപ്രദേശത്തിന് താങ്ങാനാവുന്നതിലും വലിയ മഴയാണ് പെയ്യുന്നത്. നമ്മുടെ മണ്ണിന് അത് താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് മണ്ണൊലിപ്പായും ഉരുള്‍പൊട്ടലായും അത് മാറുന്നത്. മഴയുടെ തീവ്രത കുറയുന്നതോടെ ആ പ്രശ്‌നങ്ങള്‍ കുറയും.

യഥാര്‍ത്ഥത്തില്‍ ഇത് മണ്‍സൂണിന്റെ പൊതു സാഹചര്യമാണ്. കഴിഞ്ഞവര്‍ഷത്തെ പ്രളയസാഹചര്യം ഇത്തവണ ഉണ്ടാവില്ല. തെക്കന്‍ കേരളത്തിലും കഴിഞ്ഞവര്‍ഷത്തേതുപോലെ ഭയപ്പെടാനുള്ള സാഹചര്യമില്ല.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ മഴ കൂടുതല്‍ കിട്ടിയത് കര്‍ണാടകയുടെ തീരപ്രദേശത്തും കൊങ്കണ്‍ മഹാരാഷ്ട്ര തീരപ്രദേശത്തുമാണ്. കൊങ്കണ്‍ തീരം മുതല്‍ കേരളം വരെയുള്ള പ്രദേശങ്ങളില്‍ എന്ന് പറയാം. അതോടൊപ്പം മധ്യ ഇന്ത്യയില്‍ പല ഭാഗത്തും മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശിന്റെ വടക്കുഭാഗത്തും മഴ കിട്ടി. ഈയൊരു ന്യൂനമര്‍ദ്ദം തന്നെയാണ് നോര്‍ത്ത് ഇന്ത്യയിലൊഴിച്ച് ഇന്ത്യയില്‍ എല്ലായിടത്തും മഴ പെയ്യിക്കുന്നത്.

ഈ ന്യൂനമര്‍ദ്ദം ഗുജറാത്തിലേക്ക് പോകുമ്പോള്‍ അവിടെ നല്ല മഴ ലഭിക്കാനുള്ള സാഹചര്യമുണ്ട്. മധ്യ ഇന്ത്യയും തെക്കന്‍ ഇന്ത്യയും തമിഴ്‌നാടും ആന്ധ്രയുടെ ഭാഗവും ഒഴിച്ചാല്‍ ബാക്കിയെല്ലായിടത്തും ഇതുമായി ബന്ധപ്പെട്ട് നല്ല മഴ തന്നെ ലഭിച്ചിട്ടുണ്ട്.

മഴക്കുറവൈന്ന് പറയാനാവില്ല

പൊതുവെ നോക്കിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ മഴക്കുറവ് ജൂലൈ അവസാനം 35 ശതമാനം ആയിരുന്നെങ്കില്‍ മൊത്തത്തിലുള്ള ഇന്ത്യയിലെ മഴക്കുറവ് ഇപ്പോള്‍ രണ്ട് ശതമാനമായി കുറഞ്ഞു. അത്രയ്ക്ക് തീവ്രമായ മഴയാണ് ചെറിയ കാലയളവില്‍ ലഭിച്ചത്.

കേരളത്തിലെ കാര്യവും അങ്ങനെ തന്നെ. കേരളത്തില്‍ 48 ശതമാനം മഴക്കുറവുള്ളത് ഇപ്പോള്‍ 20 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. 19 ശതമാനത്തില്‍ താഴെ എത്തിയാല്‍ നമുക്ക് ഇതിനെ നോര്‍മല്‍ മണ്‍സൂണായി കണക്കാക്കും.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more