ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെടുന്നു, അതിതീവ്ര മഴയ്ക്ക് ശമനം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala rain
ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെടുന്നു, അതിതീവ്ര മഴയ്ക്ക് ശമനം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th October 2021, 9:20 am

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു. അതേസമയം മഴ ഞായറാഴ്ചയും തുടരുമെന്നാണ് കാലാവലസ്ഥാ വകുപ്പിന്റെ പ്രവചനം.

അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുണ്ടായേക്കാം എന്ന മുന്നറിയിപ്പുമുണ്ട്. അതേസമയം അതിതീവ്ര മഴക്ക് സാധ്യതയില്ല. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.

തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Rain become weak Kerala Weather Landslide