| Monday, 12th October 2020, 8:57 pm

ഹൃദയം, വെട്ടം, മേഘം തുടങ്ങി മുപ്പതോളം സിനിമകളികളില്‍ കണ്ട ആ ഗ്രാമീണ റെയില്‍വേ സ്റ്റേഷന്‍ ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം സിനിമയിലെ ആദ്യ സീനില്‍ പ്രണവ് മോഹന്‍ലാല്‍ ട്രെയിനില്‍ കയറുന്ന, അരയാല്‍ വള്ളികള്‍ തൂങ്ങിക്കിടക്കുന്ന മനോഹരമായ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. പ്രണവ് അവതരിപ്പിച്ച അരുണിനെ വിജയരാഘവന്റെ അച്ഛന്‍ കഥാപാത്രം കെട്ടിപ്പിടിക്കുന്ന ഹൃദ്യമായ രംഗത്തില്‍ പശ്ചാത്തലമായി വരുന്നതും ഈ റെയില്‍വേ സ്റ്റേഷന്‍ തന്നെ. സിനിമ കണ്ട പലരും ഇത് സെറ്റിട്ടതാണോ അതോ ശരിക്കും കേരളത്തിലുള്ള ഏതെങ്കിലും റെയില്‍വേ സ്റ്റേഷനാണോയെന്ന് സംശയം ഉന്നയിച്ചിരുന്നു.

എന്നാല്‍ ചിലര്‍ക്ക് ഈ റെയില്‍വേ സ്‌റ്റേഷന്‍ കണ്ടപ്പോള്‍ മലയാളത്തിലെ ചില ഹിറ്റ് സിനിമകള്‍ ഓര്‍മ്മ വന്നുകാണും.

ശിവാജി ഗണേഷനും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച മലയാള ചിത്രമായ ‘ഒരു യാത്രാമൊഴി’യുടെ ക്ലൈമാക്സില്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടിയുടെ സ്റ്റെപ്പില്‍ നിന്ന് ശിവാജി ഗണേഷന്‍, മോഹന്‍ലാലിനോട് ‘ചിന്നാ… നാന്‍ താ നിന്നുടെ അപ്പാ’ എന്ന് പറഞ്ഞ് കരയുന്ന രംഗം ആരും മറക്കാനിടയില്ല. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു  റെയില്‍വേ ട്രാക്കിലാണ്.

‘മേഘം’ സിനിമയുടെ ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാവരോടുമായി യാത്ര പറഞ്ഞ് ട്രെയിനില്‍ കയറി പോകുന്ന രംഗത്തിലടക്കം ചിത്രത്തിലെ നിരവധി സീനുകളില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ കാണിക്കുന്നുണ്ട്. ദിലീപ് നായകനായ ‘വെട്ടം’ എന്ന ചിത്രത്തില്‍ യാത്രാമധ്യേ ദിലീപും നായികാ കഥാപാത്രവും അവിചാരിതമായി പെട്ടുപോകുന്ന അതേ റെയില്‍വ സ്റ്റേഷന്‍.

ഹൃദയം തുടങ്ങി ഇതുവരെ പറഞ്ഞ എല്ലാ സിനിമകളിലും കടന്നുവരുന്ന ഒരേ റെയില്‍വേ സ്റ്റേഷനാണ്.

മണിരത്നത്തിന്റെയും പ്രിയദര്‍ശന്റെയുമെല്ലാം സിനിമകളടക്കം മുപ്പതോളം ചിത്രങ്ങളുടെ ലൊക്കേഷനായ ഈ ഗ്രാമീണ റെയില്‍വേ സ്റ്റേഷന്‍ പാലക്കാട് ജില്ലയിലെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ മുതലമടയിലാണ്. പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ കേരളത്തിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍.

കമല്‍ ഹാസന്റെ അന്‍പേശിവം, ദിലീപിന്റെ പാണ്ടിപ്പട, സത്യരാജിന്റെ അമൈതിപ്പട, തുടങ്ങി മുപ്പതോളം സൂപ്പര്‍ഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷനായിട്ടുണ്ട് മുതലമട റെയില്‍വേ സ്റ്റേഷന്‍. ഏതാനും ഹിന്ദി, തെലുങ്ക് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

കേരളത്തിലെ മറ്റൊരു റെയില്‍വേ സ്റ്റേഷനുമില്ലാത്ത ഗ്രാമീണ സൗന്ദര്യമാണ് മുതലമട സ്റ്റേഷനെ സ്ഥിരമായി സിനിമകളുടെ ലൊക്കേഷനാക്കി മാറ്റുന്നത്.

പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകള്‍ക്ക് കീഴില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍. അതില്‍ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനില്‍ക്കുന്ന വേരുകള്‍. അവയ്ക്കിടയില്‍ പടര്‍ന്നുപിടിച്ച തണലില്‍ യാത്രികര്‍ക്കായുള്ള നീളന്‍ ബെഞ്ചുകള്‍. കുരുവികളും അണ്ണാനും മയിലുകളും ഷഡ്പദങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോമുകള്‍ക്കിരുവശവും പാലക്കാന്‍ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകള്‍. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് മുതലമട സ്റ്റേഷനില്‍.

ബ്രീട്ടിഷ് ഭരണകാലത്ത് 1898ലാണ് മുതലമട റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് മധുര ഡിവിഷന്റെ കീഴിലായിരുന്നു ഈ സ്റ്റേഷന്‍. വാള്‍പ്പാറ, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലനിരകള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് തോട്ടം മേഖലയായ ഇവിടേക്ക് തൊഴിലാളികളെ എത്തിക്കാനും, തേയില, കാപ്പി എന്നിവ ചെന്നൈയിലേക്ക് എത്തിച്ച് കച്ചവടം ചെയ്യാനും പ്രധാനമായി ആശ്രയിച്ചിരുന്ന റെയില്‍വേ സ്റ്റേഷനാണ് മുതലമട.

അരയാല്‍ വള്ളികള്‍ക്കിടയിലൂടെ ചൂളം വിളിച്ച് പാഞ്ഞുപോകുന്ന തീവണ്ടികള്‍ മനോഹരമായ കാഴ്ചയാണ്. തീവണ്ടി യാത്രികരല്ലാത്ത സഞ്ചാരികളും ആല്‍മരത്തണലില്‍ ഇരിക്കാനും സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാനുമായി ഇവിടെ എത്താറുണ്ട്. മീറ്റര്‍ഗേജ് പാതയില്‍ നെല്‍പ്പാടങ്ങള്‍ക്കും കരിമ്പ്, വാഴത്തോട്ടങ്ങള്‍ക്കും ഇടയിലൂടെ കല്‍ക്കരി തിന്ന് കൂകിപ്പായുന്ന വണ്ടിയിലെ യാത്രയും സഞ്ചാരികള്‍ക്ക് മതിവരാത്ത അനുഭൂതിയായി മാറാറുണ്ട്.


2015ല്‍ മുതലമട റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ആല്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ശ്രമം നടന്നപ്പോള്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടായത്. തത്ഫലമായി ആല്‍മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കിലും മറ്റ് നവീകരണങ്ങള്‍ നടന്നതോടെ മലയാളിക്ക് വലിയ ഗൃഹാതുരത്വും ഓര്‍മകളും സമ്മാനിച്ച ഒരു ഗ്രാമീണ വന്യ സൗന്ദര്യമാണ് ഏറെക്കുറെ നഷ്ടമായത്. എങ്കിലും മറ്റ് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും കാഴ്ചഭംഗിയുടെ തലയെടുപ്പോടെ മുതലമട സ്റ്റേഷന്‍ ഇന്നും വേറിട്ടു തന്നെ നില്‍ക്കുന്നു.

ചിത്രങ്ങള്‍: ഷഫീഖ് താമരശ്ശേരി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muthalamada Railway Station, the favourite location of many Malayalam Movies

We use cookies to give you the best possible experience. Learn more