തിരുവനന്തപുരം: പാറമടകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌കരിച്ചു. ജനവാസ മേഖലയിലുള്ള പാറമടകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്വാറി ഉടമകളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടു തന്നെ വിപുലമായ രണ്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനന നിയമങ്ങള്‍ പരിഷ്‌കരിച്ച് ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതോടെ പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള അവസരമാണ് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി അംഗീകരിച്ചതിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്.
ജനവാസ മേഖലയില്‍ നൂറ് മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു നേരത്തെയുള്ള നിയമം. എന്നാല്‍ ഈ ദൂരപരിധി 50 മീറ്ററായി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. പാറമട ഉടമകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍നിന്ന് ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയിരുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 100 മീറ്റര്‍ ആക്കിയിരുന്നു. ഇതേ ത്തുടര്‍ന്ന് രണ്ടായിരത്തിലധികം ചെറുകിട ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരികയായിരുന്നു.
ഇവയില്‍നിന്നുള്ള ഉത്പാദനം നിലച്ചതോടെ നിര്‍മാണസാധനങ്ങളുടെ വില ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് നടപടി പുനഃപരിശോധിക്കാന്‍ വ്യവസായവകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
പാറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി മൂന്നുവര്‍ഷമായിരുന്നത് അഞ്ചുവര്‍ഷമായും കൂട്ടിയിട്ടുണ്ട്. വന്‍കിട ധാതുക്കളായ ചൈന ക്ലേ, സിലിക്കാസാന്‍ഡ്, ലാറ്ററൈറ്റ് എന്നിവയെ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ഇവയെ ചെറുകിട ധാതുക്കളായി 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍, ഇവയുടെ ഖനനത്തിന് അനുമതി നല്‍കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.