വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വനിതകള്‍ മൂന്നു വര്‍ഷത്തോളമായി ജോലിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാതെ പി.എസ്.സിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2017 ഡിസംബറില്‍ വന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈയില്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 2100 ഓളം വനിതകളാണ് മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ജോലിയ്ക്കായി കാത്തിരിക്കുന്നത്.
വളരെ വൈകി വന്ന അന്തിമ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം കുറവാണെന്ന പരാതിയാണ് നിലവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. 2100 പേരുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും 364 പേരെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പുരുഷന്‍മാരുടെ നിയമനവുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതാ പ്രാതിനിധ്യം ഇത്രയും കുറയുന്നതെന്താണെന്ന ചോദ്യവും ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.
നിലവില്‍ കേരളത്തില്‍ പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 8.37 ശതമാനം മാത്രമാണുള്ളത്. മൊത്തം പൊലീസ് സേനയുടെ 25ശതമാനം നിരക്കിലേക്ക് വനിതാ പൊലീസിന്റെ അംഗസംഖ്യ ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോവുന്നതായും പരാതി ഉയരുകയാണ്. 653/2017 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ വലിയ ക്യാമ്പയിന്‍ രൂപപ്പെട്ടിട്ടുണ്ട്.
2018ല്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പരീക്ഷ നടന്നതിന് ശേഷം 2019 നവംബര്‍ പത്തൊമ്പതിനും ഇരുപത്തിയാറിനും ഇടയ്ക്കാണ് ഫിസിക്കല്‍ ടെസ്റ്റ് നടന്നത്. പിന്നീട് ഗര്‍ഭിണികളായ ചില യുവതികള്‍ ട്രിബ്യൂണലില്‍ നല്‍കിയ പരാതി മൂലം അവര്‍ക്ക് വേണ്ടി വീണ്ടും ഫിസിക്കല്‍ ടെസ്റ്റ് നടത്തുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫിസിക്കല്‍ ടെസ്റ്റിന് ശേഷം വളരെ വൈകിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അന്തിമ റാങ്ക് ലിസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ടും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതിന് ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റിലാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
അതേ സമയം വനിതകള്‍ക്കൊപ്പം പരീക്ഷ എഴുതിയ പുരുഷന്‍മാരുടെ ലിസ്റ്റില്‍ കൂടിയ കാലതാമസം ഇല്ലാതെ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒക്ടോബറില്‍ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് നടക്കുകയും ചെയ്തിരുന്നു. പുരുഷന്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും 5500ല്‍ അധികം പേര്‍ക്ക് നിയമനം നല്‍കിയ സ്ഥാനത്താണ് വനിതകള്‍ക്ക് പി.എസ്.സിയില്‍ വെറും 364 ഒഴിവുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഒഴിവുകളിലേക്ക് 364 പേരെ മാത്രമെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന പി.എസ്.സിയുടെ വാദത്തെ ചോദ്യം ചെയ്യുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികകളുടെ എണ്ണം കാലങ്ങളായി വര്‍ധിപ്പിക്കാത്തതില്‍ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
സേനയില്‍ വനിതാ പ്രതിനിധ്യം 25 ശതമാനം ആക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള വനിതാ ബറ്റാലിയന്‍ രൂപീകൃതമായെങ്കിലും കേഡറ്റ് സ്‌ട്രെങ്ങ്ത് 730 മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് 4295 കേഡറ്റ് സ്‌ട്രെങ്ങ്ത് അനുവദിച്ച സ്ഥാനത്താണിത്. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം കണക്കിലെടുക്കുമ്പോഴും 25ശതമാനം ലക്ഷ്യം മുന്നില്‍ കാണുമ്പോഴും ഇത് വളരെ കുറവാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. വനിതാ പൊലീസിന്റെ കേഡറ്റ് സ്‌ട്രെങ്ങ്ത് വര്‍ദ്ദിപ്പിച്ചു തരാന്‍ എത്രയും വേഗത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിക്കുകയാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥി ധന്യ സുരേന്ദ്രനാഥ്.
‘സ്ത്രീകള്‍ പൊലീസ് ആവേണ്ടതില്ലെന്നാണോ സര്‍ക്കാറിന്റെ തീരുമാനം, അത്രത്തോളം അവഗണനയാണ് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തോളമായി സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം മുന്നില്‍ക്കണ്ട് കഴിയുന്നവരാണ് ഞങ്ങള്‍. ഒരേ ദിവസം ഒരുമിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ എഴുതിയവരാണ് സ്ത്രീകളും പുരുഷന്‍മാരും. എന്നാല്‍ ഇരു വിഭാഗങ്ങളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്യുന്ന എണ്ണത്തിന്റെ കാര്യത്തിലും വ്യത്യസ്ത രീതിയിലാണ് പി.എസ്.സി ഇടപെടുന്നത്. അത് അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ല. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്’, ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സ്ത്രീകള്‍ പല പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ടാണ് പഠിച്ച് പരീക്ഷയെഴുതുന്നതും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും, എന്നിട്ടും സ്ത്രീകള്‍ തഴയപ്പെടുകയാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
2017ല്‍ നോട്ടിഫിക്കേഷന്‍ വന്നതിന് ശേഷം നിരവധി പ്രശ്‌നങ്ങളെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖീകരിച്ചതെന്നും അവര്‍ പറയുന്നു. നിപ്പയും പ്രളയവും കാരണം പരീക്ഷ തന്നെ വളരെ വൈകിയാണ് നടന്നത്. കൂടാതെ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പി.എസ്.സി പരീക്ഷയ്ക്ക് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് റാങ്ക് ലിസ്റ്റ് മൂന്നു മാസം സ്റ്റേ ചെയ്ത പശ്ചാത്തലത്തിലും സംസ്ഥാനത്ത് സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനം പ്രതിസന്ധികള്‍ക്ക് നടുക്കായിരുന്നു.
ഇപ്പോള്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വനിതാ പൊലീസ് തസ്തികയിലേക്ക് പ്രാതിനിധ്യം കൂട്ടാത്തതുമായി ബന്ധപ്പെട്ട് സമരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് തങ്ങള്‍ നേരിടുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്ന കാര്യവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തസ്തികകളിലേക്കുള്ള വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്ന കാര്യത്തിലും റാങ്ക് ലിസ്റ്റില്‍ നിന്നും വീണ്ടും ഉദ്യോഗാര്‍ത്ഥികളെ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും വേഗത്തില്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് പ്രധാനമായും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉന്നയിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: kerala psc women police officer rank list controversy