വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷം മികച്ച റാങ്ക് നേടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി സ്വപ്നം മാത്രമാകുകയാണ് കേരളത്തിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക്. നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും അവ കൃത്യ സമയം റിപ്പോര്‍ട്ട് ചെയ്യാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ നിഷേധിക്കുകയാണ് എന്നീ പരാതികളാണ് കേരളത്തിലെ വിവിധ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷകളുമായും നിയമനങ്ങളുമായും ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കേരള പി.എസ്.സി പരീക്ഷകളുമായും നിയമനങ്ങളുമായും ബന്ധപ്പെട്ടുണ്ടാവുന്ന അനിശ്ചിതാവസ്ഥ വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി സ്ഥിരപ്പെടുത്തുക, കൃത്യസമയത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതിരിക്കുക, ക്രമം തെറ്റിച്ചുള്ള നിയമനങ്ങള്‍ നടത്തുക എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നിലവില്‍ കേരള പി.എസ്.സി പ്രധാന വിമര്‍ശനങ്ങള്‍ നേരിടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പരാതികള്‍ പരിഹാരമില്ലാതെ വര്‍ഷങ്ങളായി തുടരുകയാണ്.
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ വ്യത്യസ്ത തസ്തികകളിലായി നടക്കേണ്ട നിയമനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വിരല്‍ചൂണ്ടുന്നത് കേരള പി.എസ്.സിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്കു തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, വനം, ഫിഷറീസ് തുടങ്ങി സര്‍ക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലെ വ്യത്യസ്ത തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ അനിശ്ചിതത്വമുണ്ട്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.
റാങ്കു ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പത്തും നൂറുമല്ല
സഹകരണ എപെക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്കുവിട്ട് 24 വര്‍ഷം പിന്നിട്ടിട്ടും പകുതിയിലേറെയിടത്തും ഇപ്പോഴും നിയമനങ്ങള്‍ നടന്നിട്ടില്ല. നടന്നിട്ടുള്ള നിയമനങ്ങളാണെങ്കില്‍ ചട്ടങ്ങള്‍ തയ്യാറാക്കാതെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയുമുള്ള അട്ടിമറിയിലൂടെയാണെന്നുള്ള പരാതികളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എപ്പെക്സ് സ്ഥാപനങ്ങളിലെ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് ഈ വര്‍ഷം ഫെബ്രുവരി 26 നു നിലവില്‍ വന്ന പി.എസ്.സി പട്ടികയില്‍ നിന്ന് ഇതുവരെയും ഒരു നിയമന ശുപാര്‍ശ പോലും അയച്ചിട്ടില്ല. മാത്രവുമല്ല, ഒഴിവുള്ള തസ്തികകളിലേക്ക് നേതാക്കന്‍മാരുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്
ഡോക്ടര്‍ തസ്തികകളിലേക്കുള്ള നിയമനവും മെല്ലെപോക്കിന്റേതു തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയുടെ 1972 പേരുടെ മെയിന്‍ ലിസ്റ്റില്‍ നിന്ന് 1552 പേര്‍ക്ക് മാത്രമാണ് ഇത്തവണ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും കൃത്യമായി നിയമനം ലഭിച്ചിട്ടില്ല. ഓഗസ്ത് 29 ന് അവസാനിക്കുന്ന 467 പേരുടെ അസി.ഡെന്റല്‍ സര്‍ജന്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനം ലഭിച്ചത് വെറും 19 പേര്‍ക്ക് മാത്രമാണ്. ഇത്തരത്തില്‍ നിയമനങ്ങളുടെ മെല്ലെപോക്കിന് വകുപ്പു വ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികകള്‍ നികത്താനുള്ള മന്ത്രിസഭാ തീരുമാനം ഇതുവരെയും നടപ്പിലായിട്ടില്ലെന്നതാണ് പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റൊരു വിവാദം. ഇക്കഴിഞ്ഞ ജൂണ്‍ 30ന് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചപ്പോള്‍ ഉയര്‍ന്ന റാങ്കുകള്‍ ലഭിച്ചവര്‍ പോലും നിയമനം ലഭിക്കാതെ അവശേഷിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ വിവാദം നേരത്തേയും ഉണ്ടായിട്ടുണ്ട്. 2019ല്‍ റാങ്ക് പട്ടികയില്‍ കത്തികുത്ത് കേസിലെ പ്രതികള്‍ ഉന്നത റാങ്കോടുകൂടി സ്ഥാനം പിടിച്ചത് അത്തരം വിവാദങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ക്ക് കേരള പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഒഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28ഉം റാങ്കുകിട്ടിയതുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു. ശുപാര്‍ശയും സ്വാധീനവും പണശേഷിയുമുണ്ടെങ്കില്‍ സര്‍ക്കാര്‍ജോലി ലഭിക്കുകയെന്ന കാര്യം എളുപ്പമാണെന്ന് അന്ന് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയായിരുന്നു. മാത്രവുമല്ല റാങ്ക്്ലിസ്റ്റില്‍ പ്രതികളായവര്‍ ഉന്നത റാങ്ക് നേടിയപ്പോള്‍ അതില്‍ ബലിയാടായത് ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളായിരുന്നു. അവരുടെ ലിസ്റ്റ് ഈ പ്രശ്നത്തെത്തുടര്‍ന്ന് സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇടുക്കി പട്ടികയില്‍ നിന്ന് ഇതുവരെയും ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ല. എറണാകുളം പട്ടികയില്‍ നിന്നാകട്ടെ 38 പേര്‍ക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളുതാനും.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവുകള്‍ പുറത്തുവിടാത്തതായും പരാതികള്‍ നിരവധിയാണ്. ഹയര്‍സെക്കന്ററി ടീച്ചര്‍ തസ്തികയിലാകട്ടെ മാസങ്ങള്‍ക്ക് മുന്‍പ് നിയമന ശുപാര്‍ശ നല്‍കിയവര്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റന്‍ന്റുമാരുടെ നിയമന നടപടിയും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോടതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസുകള്‍ കൃത്യസമയത്ത് തീര്‍പ്പാക്കാന്‍ കഴിയാത്തതും പി.എസ്.സിയെ ശ്വാസം മുട്ടിക്കുന്ന മറ്റൊന്നാണ്. കേസും സ്റ്റേയും ഒക്കെ കഴിയുമ്പോഴേക്കും പട്ടികകളുടെ കാലാവധി അവസാനിക്കുന്നത് പതിവു സംഭവമാണ്.
നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് കടത്തിവിടുന്ന തരത്തിലുള്ള നടപടികളാണ് പി.എസ്.സി കൈകൊണ്ടുപോരുന്നത്. വനം വകുപ്പില്‍ മാത്രം 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഫോറസ്റ്റ് റിസര്‍വ് ഡിപ്പോ വാച്ചര്‍ റാങ്ക് പട്ടികയില്‍ നിന്ന് വെറും 138 പേര്‍ക്കാണ് നിയമനശുപാര്‍ശ നല്‍കിയിട്ടുള്ളത്. അതും 13 ജില്ലകളിലായി 2629 പേര്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ നിന്നാണ് ഇത്രയും കുറച്ചുപേര്‍ക്ക് നിയമനശുപാര്‍ശ നല്‍കുന്നത്. നിയമനം നടത്താന്‍ തസ്തികകളില്ലെന്ന വാദം വനംവകുപ്പ് മുന്നോട്ട് വെക്കുമ്പോള്‍ തന്നെ നിരവധി താല്‍ക്കാലിക ഉദ്യോഗസ്ഥരാണ് വനംവകുപ്പിന്റെ ഇതേ തസ്തികകളില്‍ ജോലി ചെയ്തുപോരുന്നത്.
താത്പര്യം താത്ക്കാലിക നിയമനത്തിന്
ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും അതു തസ്തികയാക്കിയാല്‍ പി.എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ എടുക്കേണ്ടിവരും. താല്‍ക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കുകയാണെങ്കില്‍ വകുപ്പുകളുടെ സ്വന്തം സ്വാതന്ത്രത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയും. ഈയൊരു ലക്ഷ്യം മുന്നില്‍കണ്ടാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥാപനങ്ങള്‍ ജോലിക്കെടുക്കുന്നതെന്ന പരാതികളാണ് ഉയരുന്നത്. സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും ഇങ്കിതങ്ങള്‍ക്കനുസരിച്ച് നടത്തിയ നിയമനങ്ങളും സംസ്ഥാനത്ത് ഒട്ടനവധിയുണ്ടെന്ന വിമര്‍ശനങ്ങളും രൂക്ഷമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്.
ഇതു കൂടാതെ മത്സ്യഫെഡില്‍ മാത്രം ജൂനിയര്‍ ക്ലാര്‍ക്ക്, എല്‍.ഡി ക്ലാര്‍ക്ക് സമാനതസ്തികയിലേക്ക് 100ന് മുകളില്‍ ഒഴിവുകളുണ്ട്.
ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക പോലും ചെയ്യാത്ത വകുപ്പുകളും പി.എസ്.സിയില്‍ ഉണ്ട്. കാപ്പെക്സ്, ഹാന്‍ഡിക്രാഫ്റ്റ്, റൂട്രോണിക്സ്, വനിത ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ്, ലേബര്‍ ഫെഡ്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ കിടക്കുകയാണ്. സപ്ലൈകോ വകുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദം മറ്റൊന്നാണ്. സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കാതെ സപ്ലൈകോ, ഉദ്യോഗാര്‍ത്ഥികളെ വിഷമത്തിലാക്കുകയാണ് പി.എസ്.സി ചെയ്യുന്നത്. സപ്ലൈകോ വകുപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്റ്റാഫ് പാറ്റേണിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഴ്സുമാര്‍ക്കും സ്ഥിരനിയമനമില്ല
ഇനി നഴ്സുമാരുടെ കാര്യമെടുത്താലും പി.എസ്.സി ലിസ്റ്റ് സംബന്ധമായ വിവാദങ്ങള്‍ ഒടുങ്ങാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് വര്‍ഷം മുന്‍പിറങ്ങിയ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിനായി നഴ്സുമാരുടെ താല്ക്കാലിക നിയമനം നടത്തിയത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിന്റെ കാലാവധി തീര്‍ന്ന അവസ്ഥയില്‍ നിരവധി നേഴ്സുമാരാണ് സംസ്ഥാനത്തുള്ളത്.
സര്‍ക്കാര്‍ കണക്കുകളും യാഥാര്‍ത്ഥ്യവും
നിയമനക്കണക്കുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പി.എസ്.സിയുടെ ഏറ്റവും വലിയ റാങ്ക് പട്ടികകളില്‍ ഒന്നായ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പട്ടികയുടെ നിയമനക്കണക്കുകള്‍ നോക്കിയാല്‍ തന്നെ സര്‍ക്കാറിന്റെ വാദം അപ്രസക്തമാവുന്നതാണെന്ന് വ്യക്തമാവും. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് 2012- 2015 വര്‍ഷത്തില്‍ 12959 പേരെയാണ് നിയമിച്ചിട്ടുള്ളത്. ഇത് 2015-2018 വര്‍ഷമായപ്പോഴേക്കും 11304 ആയി. 2018-2021 വര്‍ഷങ്ങളില്‍ വെറും 4348 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതെ പല വകുപ്പുകളും ഒളിച്ചുകളി തുടരുകയാണെന്ന് ആരോപിച്ച് കൊല്ലത്ത് എല്‍.ഡി.സി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് രംഗത്തിറങ്ങുകയും പല സ്ഥാപനങ്ങളിലും കയറിയിറങ്ങി ഒഴിവുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നത് നിരവധി ഒഴിവുകളാണെന്ന് അന്ന് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ജോലിയില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം വരുമ്പോള്‍ സ്വന്തം നാടുകളിലേക്ക് തന്നെ സ്ഥലം മാറാനുള്ള സാഹചര്യമൊരുക്കുകയാണ് ഇത്തരത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിലൂടെയെന്ന ആരോപണവുമുണ്ട്.
റാങ്ക് നേടിയിട്ട് കാര്യമില്ല, സ്വാധീനം വേണം, ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു
സിവില്‍ ഒഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതില്‍ വലിയ ക്രമക്കേടുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് തുറന്നുപറയുകയാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ശരത് കുമാര്‍.
‘കഴിഞ്ഞ വര്‍ഷം സപ്ലിമെന്ററി ലിസ്റ്റില്‍നിന്നടക്കം 104 ശതമാനം നിയമനം നടന്ന എം.എസ്.പി ബെറ്റാലിയനിലേക്ക് ഇത്തവണ 66 ശതമാനം നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയത്. സംസ്ഥാനത്തെ ഏഴ് ബെറ്റാലിയനുകളിലായി മെയിന്‍ ലിസ്റ്റില്‍നിന്ന് 25 ശതമാനത്തോളം പേരാണ് പുറത്തായിരിക്കുന്നത്. 7580 പേരുള്ള ലിസ്റ്റില്‍ 5667 പേര്‍ക്കാണ് ഇതുവരെ അഡൈ്വസ് ലഭിച്ചത്. ഏഴ് ബറ്റാലിയനുകളിലായി 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന പൊലീസ് റാങ്ക് ലിസ്റ്റുകളുടെ സ്വാഭാവിക കാലാവധി 2020 ജൂണ്‍ 30ന് അവസാനിച്ചതോടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്’. ശരത്കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘1200 ട്രെയിനിങ് പര്‍പ്പസ് വേക്കന്‍സികള്‍ മന്ത്രിസഭായോഗം പാസാക്കിയത് പൊലീസ് ആസ്ഥാനത്തുനിന്നും പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. മറിച്ച് അത് സെക്യൂരിറ്റി ഫോഴ്‌സ് തുടങ്ങാനുള്ള ഉദ്ദേശത്തോടെ ആ വിഭാഗത്തിലേക്ക് വകമാറ്റുകയാണ് ചെയ്തത്. മാത്രമല്ല. 2021 ഡിസംബര്‍ 31 വരെയുള്ള വേക്കന്‍സികള്‍ മുന്‍കൂട്ടി റിക്രൂട്ട് ചെയ്തു, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സീറോ വേക്കന്‍സിയിലേക്ക് പോവുകയാണ് എന്നൊക്കെയാണ് വകുപ്പ് തലത്തില്‍നിന്നും അവകാശപ്പെടുന്നത്. എന്നാല്‍ 2019-ല്‍ ഇവര്‍ത്തന്നെ പി.എസ്.സി മുഖാന്തരം പുതിയ വേക്കന്‍സികളിലേക്ക് ആളെ വിളിക്കുകയും ചെയ്തു. 2021 അവസാനം വരെ ഒഴിവുകളില്ലെന്ന് അവകാശപ്പെടുന്ന ഇവര്‍ എന്തിനാണ് 2019-ല്‍ പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്?’, ശരത് പറയുന്നു.
സിവില്‍ ഒഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുന്നൂറോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റിന് മുന്നിലുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ഇവരില്‍ നാല് പേര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പരീക്ഷയ്ക്ക് ശേഷം ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കു നിയമനം നടത്തേണ്ട റാങ്ക് ലിസ്റ്റ് ആണിത്. ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍.
എല്‍.ഡി ക്ലാര്‍ക്ക് പത്തനംതിട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തി കൂടിയാണ് ശരത് കുമാര്‍. എല്‍.ഡി ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള നിയമനങ്ങളിലും അനിശ്ചിതാവസ്ഥ തുടരുകയാണെന്നും ശരത് കുമാര്‍ പറയുന്നു.
‘എല്‍. ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് 3900 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പ്രധാന കാരണം ആശ്രിത നിയമങ്ങളില്‍ വകുപ്പുകള്‍ നടത്തിയ അട്ടിമറിയാണ്. 5 ശതമാനമാണ് ആശ്രിത നിയമനത്തിന്റെ പരിധി . എന്നാല്‍ നൂറു ശതമാനം വരെ ചെയ്ത വകുപ്പുകള്‍ ഉണ്ട്. പഞ്ചായത്തീ വകുപ്പുകളിലും ഇത്തരത്തില്‍ വലിയ തോതില്‍ ആശ്രിത നിയമനങ്ങള്‍ നടന്നുപോരുന്നുണ്ട്. ഇതിനൊപ്പം തന്നെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന രീതിയും തുടര്‍ന്നുപോരുകയാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീര്‍ന്നുപോയാല്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള സംവിധാനവും ഇല്ല. റാങ്ക് നേടിയിട്ടും കാര്യമില്ല എന്ന അവസ്ഥയാണിപ്പോള്‍. കാരണം നിയമനം ലഭിക്കുന്നതിന് മുമ്പ് കാലാവധി തീരുമ്പോള്‍ എത്ര പേരാണ് ജോലിയില്ലാതെ പുറത്തു നില്‍ക്കേണ്ടി വരുന്നത്’.
തിരുവനന്തപുരം ഹൈസ്‌കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ എഴുതി രണ്ട് വട്ടം റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് വീണ. എന്നാല്‍ രണ്ട് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി തീര്‍ന്നുപോയി നിയമനം ലഭിക്കാതെ പോയ അവസ്ഥ തുറന്നുപറയുകയാണവര്‍, ‘2019 ഡിസംബറില്‍ ആണ് ഏറ്റവും ഒടുവിലെ റാങ്ക് ലിസ്റ്റ് കാലാവധി തീര്‍ന്നത്. രണ്ട് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഞാന്‍. എന്നിട്ടും നിയമനം ലഭിച്ചില്ല. അധ്യാപിക തസ്തികകളിലേക്ക് ഏഴു വര്‍ഷം കൂടുമ്പോഴാണ് ലിസ്റ്റ് വരുന്നത്. അങ്ങനെ വരുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യമായിരിക്കും ഒരു വ്യക്തിക്ക് പരീക്ഷയെഴുതാന്‍ കഴിയുന്നത്. അത്തരത്തില്‍ പരീക്ഷ എഴുതിയാണ് റാങ്ക് ലിസ്റ്റില്‍ വരുന്നത്. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനങ്ങള്‍ സംസ്ഥാനത്ത് വളരെ കുറച്ച് മാത്രമേ നടത്തുന്നുള്ളൂ. വിദ്യാഭ്യാസ വകുപ്പില്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനാനുപാതം വളരെ കുറവാണ്. തുടരെ തുടരെ പലവിധം ഉത്തരവുകള്‍ ഇറക്കി നിയമനസാധ്യത അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്’. വീണ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘2018 വരെ നേരിട്ടുള്ള നിയമനം 30 ശതമാനം വരെയായിരുന്നു. ബാക്കി എഴുപത് ശതമാനവും സ്ഥലംമാറ്റം, പ്രമോഷന്‍ തുടങ്ങി മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാല്‍ അതിനെതിരെ ഞങ്ങള്‍ കേസ് നടത്തുകയും 50 ശതമാനം നേരിട്ടുള്ള നിയമനത്തിനായി കോടതി ഉത്തരവിറക്കുകയും ചെയ്തു. പക്ഷേ അന്തര്‍ ജില്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമനമാണ് കൂടുതല്‍ നടത്തിയിരുന്നത്. ബാക്കിയുള്ള വകുപ്പുകളില്‍ അന്തര്‍ജില്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമനം പത്ത് ശതമാനമാണ് നടക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്രം ഇത് 28 ശതമാനമാണ്. വടക്കന്‍ ജില്ലകളില്‍ പോയി പരീക്ഷ എഴുതി അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥലംമാറ്റം മേടിച്ച് സ്വന്തം വീടും നാടുമുള്ള തെക്കന്‍ ജില്ലകളില്‍ വന്ന് ജോലി ചെയ്യുന്ന നിരവധി പേരാണ് ഉള്ളത്. അധ്യാപക സംഘടനകള്‍ വലിയ കോഴ വാങ്ങി നിയമനത്തില്‍ അട്ടിമറി നടത്തുകയാണ് ഇത്തരം പല സംഭവങ്ങളിലും നടക്കുന്നത്’. വീണ കൂട്ടിച്ചേര്‍ത്തു.
ഹൈസ്‌കൂള്‍ അധ്യാപിക തസ്തികയിലേക്കുള്ള പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീജിത്തിന് പറയാനുള്ളതും സമാനമായ അനുഭവങ്ങള്‍ തന്നെയാണ്. ‘വകുപ്പുകളിലെ ഒഴിവുകള്‍ പുറത്തുവിടാതിരിക്കുന്നതാണ് ഏറ്റവും ഗുരുതരമായി തോന്നുന്നത്. ഒഴിവുകള്‍ കൃത്യമായി അന്വേഷിച്ച് കണ്ടെത്താനാണ് പി.എസ്.സി ശ്രമിക്കേണ്ടത്. സാധാരണയായി എല്ലാ വകുപ്പുകളിലും മാസങ്ങളിലായി ഒഴിവുകള്‍ ഉണ്ടാവും. എന്നാല്‍ മാര്‍ച്ച് 31 മുതല്‍ ജൂലൈ 15 വരെയാണ് അധ്യാപിക തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ ഒഴിവുകള്‍ വരുന്നത്. എന്നാല്‍ ഇത് കൃത്യമായി പുറത്തുവിടാതിരിക്കുന്നതാണ് അധ്യാപിക തസ്തികകളിലെ നിയമനങ്ങള്‍ അനിശ്ചിതമായി നീളുന്നതിന് കാരണം. സ്‌കൂളുകളില്‍ കുട്ടികള്‍ കൂടുന്നതിനാല്‍ തസ്തികകളും വര്‍ധിക്കുകയാണ് ചെയ്യുക. എന്നാല്‍ പുതിയതായി ഉണ്ടാവുന്ന തസ്തികളുടെ റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവിടുന്നില്ല. ഒഴിവുള്ള തസ്തികള്‍ പുറത്തുവരുന്നതിന് മുമ്പു തന്നെ റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതും തുടര്‍ച്ചയായി കണ്ടുപോരുന്നതാണ്’, ശ്രീജിത്ത് പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അധ്യാപിക തസ്തികകളില്‍ കുറവ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത് ഈ സര്‍ക്കാറാണെന്നും റാങ്ക് കാലാവധി അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുകയാണെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. നേരത്തേ അധ്യാപകരുടെ വിരമിക്കലുകള്‍ വഴി ഉണ്ടാവുന്ന ഒഴിവുകള്‍ കൂടാതെ പ്രമോഷന്‍ മൂലവും ഒഴിവുകള്‍ വരുമായിരുന്നു. ഹൈസ്‌കൂള്‍ അധ്യാപകര്‍ യു.പി പ്രധാനധ്യാപകരായി പോവുമ്പോഴും യു.പി അധ്യാപകര്‍ എല്‍.പി പ്രധാനധ്യാപകരായി പോവുമ്പോഴുമാണ് ഇത്തരം ഒഴിവുകള്‍ വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത്തരം ഒഴിവുകളും കുറവാണെന്നും ശ്രീജിത്ത് പറയുന്നുണ്ട്.
ആരോഗ്യവകുപ്പിലെ നിരവധി ജീവനക്കാരും പി.എസ്.സി വഴി ജോലി ലഭിക്കുമെന്ന സ്വപ്നം ഉപേക്ഷിച്ചവരാണ്. നഴ്സുമാരുടെ ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ 12ാം റാങ്ക് കാരിയായ രാജിമോള്‍ അത്തരത്തില്‍ ഒരാളാണ്. ‘അഞ്ച് വര്‍ഷം പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ എത്തിയിട്ട് രണ്ട് വര്‍ഷമായി. എന്നാല്‍ ഇതുവരെയും നിയമനം ലഭിച്ചിട്ടില്ല. പരീക്ഷയെഴുതാനുള്ള പ്രായം കഴിഞ്ഞതിനാല്‍ ഇനിയൊരു റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാമെന്നോ, ജോലി ലഭിക്കുമെന്നോ ഉള്ള സ്വപ്നം ഉപേക്ഷിച്ചിരിക്കുകയാണ്’, രാജിമോള്‍ പറയുന്നു.
കൊവിഡിന്റെ വരവോടെ നിലച്ച പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പിലുള്ള അനിശ്ചിതാവസ്ഥയും ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ വിഷമത്തിലാക്കുകയാണ്. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്താനുള്ള നീക്കവും അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വിജ്ഞാപന പ്രകാരമുള്ള 93 പരീക്ഷകളില്‍ 23 എണ്ണമേ നടത്തിയിട്ടുള്ളൂ. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ തുറന്ന ശേഷമേ എഴുത്തുപരീക്ഷകള്‍ പുനരാരംഭിക്കാനാവൂ എന്നാണ് പി.എസ്.സിയുടെ നിലപാട്.
ഈയടുത്ത് പി.എസ്.സി നിയമനങ്ങള്‍ സംബന്ധിച്ച് മുന്‍ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ് പറഞ്ഞ കണക്കുകളുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിയമനശുപാര്‍ശകളുടെ എണ്ണം കൂടി ചേര്‍ത്താണ് നാല് വര്‍ഷം കൊണ്ട് 133132 നിയമനങ്ങള്‍ എന്ന് എം.ബി രാജേഷ് പറഞ്ഞിരിക്കുന്നതെന്നാണ് ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള അഭിപ്രായപ്പെടുന്നത്. നിയമന ശുപാര്‍ശ ലഭിച്ച എല്ലാവരും ജോലിയില്‍ പ്രവേശിക്കില്ല. ജോലി വേണ്ടാത്തവര്‍ക്ക് അത് രേഖപ്പെടുത്താന്‍ എളുപ്പുവഴികളുമില്ല. അതിനാല്‍ കണക്കുകള്‍ നിയമനത്തിന്റെതു മാത്രമല്ലെന്നാണ് ഇവര്‍ പറയുന്നത്.
ഇത്തരത്തില്‍ ഒട്ടനവധി വിമര്‍ശനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും നടുവിലാണ് പി.എസ്.സിയുള്ളതെന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഓരോ വസ്തുതകളില്‍ നിന്നും മനസ്സിലാവുന്നത്. എന്നാല്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
തൊഴില്‍ പ്രതിസന്ധി
സംസ്ഥാനത്തെ വലിയൊരു വിഭാഗം യുവാക്കളും തൊഴില്‍ രഹിതരായിരിക്കുന്ന ആളുകളും വലിയ ആശങ്കയിലൂടെയാണ് നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പി.എസ്.സി മുഖാന്തരമുള്ള തൊഴില്‍ നഷ്ടം കൂടി സഹിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ യുവത. സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 20.1 ശതമാനമാണ്.
ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് ശേഷമുള്ള കണക്കുകളാണ് ഇത്. മെയ് മാസത്തിലെ 26.1 ശതമാനത്തില്‍ നിന്നും കേരളത്തിന് ചെറിയ രീതിയില്‍ മെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ തൊഴില്‍ പ്രതിസന്ധി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടിക്കൊണ്ടിരിക്കുന്ന രൂക്ഷഘട്ടത്തില്‍ പി.എസ്.സി നിയമനങ്ങള്‍ വഴി നടക്കുന്ന അട്ടിമറികളിലും ആശങ്ക പ്രകടിപ്പിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ