കോഴിക്കോട്: കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്നതിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം. ഫേസ്ബുക്ക് കൂട്ടായ്മയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കോഴിക്കോട് കടപ്പുറത്ത് വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജസ്റ്റിസ് ഫോര്‍ *** എന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം. ജില്ലയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.
മലപ്പുറത്ത് തിരൂരിലും കൊണ്ടോട്ടിയിലും പൊന്നാനിയിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്ലബുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്‌ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.
ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. സ്പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേഷ് കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.