ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ ലൈംഗിക ആരോപണം നേരിട്ട മലയാളി അധ്യാപകനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊല്ലം സ്വദേശി ഹരിപത്മനെ ഇന്ന് പുലര്‍ച്ചയോടെയാണ് ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കലാക്ഷേത്രത്തിലെ പൂര്‍വവിദ്യാര്‍ത്ഥി നല്‍കിയ പരാതിയിയില്‍ ഐ.പി.സി 354 പ്രകാരം ഹരിപത്മനെതിരെ അഡയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരില്‍ ഫാക്കല്‍റ്റി അംഗങ്ങളായ നാല് പേര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് 90 ഓളം വിദ്യാര്‍ത്ഥികളാണ് അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെ തമിഴ്‌നാട് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.
കലാക്ഷേത്രയില്‍ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമവും വംശീയ അതിക്രമവും നടന്നിട്ടും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതിയിലുള്ളത്. തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2008 മുതല്‍ സ്ഥാപനത്തില്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലാക്ഷേത്രത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരവുമാരംഭിച്ചിരുന്നു.
എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് 200ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരമാരംഭിച്ചത്. ക്യാമ്പസിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഏപ്രില്‍ ആറ് വരെ സ്ഥാപനം അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ പകല രാംദാസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതിനിടെ വിഷയത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് ദേശീയ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്. സ്ഥാപനത്തിന്റെ അന്തസ് നശിപ്പിക്കാനായുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നാണ് ദേശീയ വനിത കമ്മീഷന്‍ പറഞ്ഞതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: kerala professor arrested in chennai on sexual harrasment