ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ശിക്ഷിക്കരുത്; ധനകാര്യ കമ്മീഷന്‍ മുമ്പാകെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് കേരളം
Kerala News
ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ശിക്ഷിക്കരുത്; ധനകാര്യ കമ്മീഷന്‍ മുമ്പാകെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 2:38 pm

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പതിനാറാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയ മുമ്പാകെയാണ് സംസ്ഥാനം തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിച്ചത്.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ എന്തെല്ലാം ഉള്‍പ്പെടണമെന്ന കാര്യത്തില്‍ കേരളത്തിന്റെ നിലപാട് കൃത്യമായിതന്നെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും അസമത്വം കണക്കിലെടുത്ത്, സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെടേണ്ടതുണ്ടെന്ന് സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 അനുസരിച്ച് ഈ ചുമതല നിര്‍വഹിക്കാനുള്ള അധികാരം ധനകാര്യ കമ്മീഷനുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വവും കേരളം കമ്മീഷന്‍ മുമ്പാകെ ചുട്ടിക്കാട്ടി. പതിനാലാം ധന കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച കേന്ദ്ര നികുതി വിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും കേരളം നല്‍കിയ നിവേദനത്തില്‍ പറയുന്നു.

നികുതിക്കു പകരമായി കേന്ദ്ര സര്‍ക്കാര്‍ വലിയതോതില്‍ സെസും സര്‍ചാര്‍ജും സമാഹരിക്കാന്‍ തുടങ്ങിയതായും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍നിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കിയെന്നും സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങള്‍ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കിയിട്ടുണ്ടെന്നും ഇതെല്ലാം സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം വരുത്തുന്നതായും കേരളം നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഹരിക്കാന്‍ വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ 41 ശതമാനമായിരുന്നുവെന്നും സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ ഓര്‍മിപ്പിച്ചു.

പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്പെക്ട്രം വില്‍പന, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവയിലൂടെ വര്‍ഷംതോറും കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയേതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധന വിഭവങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം നിര്‍ദേശിച്ചു. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തിരമായി നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മെമ്മോറാണ്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ നേട്ടം പ്രകടമാകുന്നതുമാകണം തിരശ്ചീന വിഹിത കൈമാറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കാതല്‍ എന്ന് നിവേദനത്തില്‍ പറയുന്നു. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാഹചര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണം. ആര്‍ട്ടിക്കിള്‍ 275 പ്രകാരം ഗ്രാന്റുകള്‍ അനുവദിക്കുമ്പോള്‍ വലിയതോതില്‍ റവന്യു നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് അത് പരിഹരിക്കുന്നതിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നെന്നും ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്തതെന്നും കേരളത്തിന്റെ നിവേദനത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അതിവേഗ നഗരവത്ക്കരണം സവിശേഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതായും കേരളം ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ ധനവിഭവ വിഭജന മാനദണ്ഡങ്ങളില്‍ ജനസാന്ദ്രതയ്ക്കും ഭൂവിസ്തൃതിയ്ക്കുമൊപ്പം നഗരവത്കരണത്തിനും വെയിറ്റേജ് നല്‍കണമെന്നും കേരളം ചൂണ്ടിക്കാട്ടി.

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയതോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമുലം അടിയന്തിര ദുരിത പ്രതികരണ പ്രവര്‍ത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറ് ശതമാനം ഉയര്‍ത്തണം. സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചില്‍, അതീതീവ്ര മഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം.

ദൈര്‍ഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മനുഷ്യമൃഗ സംഘര്‍ഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള തൊഴില്‍പരമായ കുടിയേറ്റം, മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയര്‍ത്തുന്നതായും നിവേദനത്തിലുണ്ട്.

കേരളത്തിലെ 30 ശതമാനം ജനങ്ങള്‍ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റര്‍ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കടല്‍ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് വലിയതോതില്‍ ഉയര്‍ത്തുന്നതായും സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ പറയുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കും ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകള്‍ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങള്‍ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകള്‍ ലഭ്യമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധനഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകളും നിവേദനത്തില്‍ വിവരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ കേരളത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷന് മുമ്പില്‍ കേരളം വിഷയങ്ങള്‍ അവതരിപ്പിച്ചത്. നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും, ഗ്രാന്റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും ധനകാര്യകമ്മീഷനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അര്‍ഹമായ പരിഗണന കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി ചുണ്ടിക്കാട്ടി.

content highlights: Kerala presented its demands before the Finance Commission