| Thursday, 8th August 2024, 8:44 am

ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്ന സമഗ്രനിയമ നിര്‍മാണത്തിനൊരുങ്ങി കേരള സര്‍ക്കാര്‍. കേരള സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ബെയ്‌സ്ഡ് ഗിഗ് വര്‍ക്കേഴ്‌സ് (രജിസ്‌ട്രേഷന്‍ ആന്റ് വെല്‍ഫയര്‍) ബില്‍ 2024 എന്ന് പേരിട്ട ബില്‍ ഒക്ടോബറില്‍ ചേരുന്ന അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അന്തിമ ബില്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ശില്‍പശാല മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ വെച്ചാണ് അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകള്‍ കൂടുതല്‍ തൊഴിലാളി സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നേരത്തെ ജൂണില്‍ നടന്ന നിയമസഭ സമ്മേളനത്തില്‍ കേരളം ഇത്തരത്തിലൊരു നിയമനിര്‍മാണം നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ്‌ നല്‍കിയിരുന്നു.

ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ സാഹചര്യങ്ങള്‍, സാമ്പത്തിക സുരക്ഷ,ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന സമഗ്രനിയമം നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നേരത്തെ കേന്ദ്രം ഇത്തരം തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട് 2020ല്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് എന്ന പേരില്‍ ഒരു നിയമം കൊണ്ടുവന്നിരുന്നെങ്കിലും അത് ഗുണകരമായി നടപ്പിലായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാനം പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.

ഡിജിറ്റല്‍ സാങ്കേദിക വിദ്യ ഉപയഗോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വിഗി, സൊമാറ്റോ, പോട്ടാഫോ തുടങ്ങിയ ഭക്ഷണ വിതരണ ആപ്പുകള്‍, ഊബര്‍, ഓല തുടങ്ങിയ ഗതാഗത ആപ്പുകള്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ആപ്പുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഇത്തരം ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചാണ്.

നിലവില്‍ ഏറ്റവും മോശം തൊഴില്‍ സാഹചര്യമാണ് ഈ തൊഴിലാളികളുടേത്. മോശപ്പെട്ട സേവന, വേതന വ്യവസ്ഥകളും വലിയ തൊഴില്‍ ചൂഷണവും നേരിടുന്ന ഒരു മേഖല കൂടിയാണിത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളം സമഗ്രമായ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്.

content highlights: Kerala prepares for comprehensive legislation for the welfare of gig workers

We use cookies to give you the best possible experience. Learn more