ദുരന്തങ്ങളെ അവസരമാക്കുന്നവര്‍; കനത്ത മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയത് രാമക്ഷേത്ര ഭൂമി പൂജ ടി.വിയില്‍ കാണാതിരിക്കാനെന്ന് ഹിന്ദുത്വവാദികളുടെ പ്രചരണം
Fact Check
ദുരന്തങ്ങളെ അവസരമാക്കുന്നവര്‍; കനത്ത മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയത് രാമക്ഷേത്ര ഭൂമി പൂജ ടി.വിയില്‍ കാണാതിരിക്കാനെന്ന് ഹിന്ദുത്വവാദികളുടെ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 1:50 pm

കോഴിക്കോട്: കേരളത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചത് രാമക്ഷേത്ര ഭൂമി പൂജ ടി.വിയില്‍ കാണാതിരിക്കാനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വവാദികളുടെ വ്യാജപ്രചരണം. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും കേരളത്തില്‍ പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു.


എന്നാല്‍ ഇതിനെ വിദ്വേഷ പ്രചരണമായി ഉപയോഗിക്കുകയാണ് ഹിന്ദുത്വവാദികള്‍. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സന്ദീപ് ജി. വാര്യരും വ്യാജപ്രചരണം ഏറ്റെടുത്തിട്ടുണ്ട്.


കേരളത്തില്‍ ശക്തമായ മഴ പെയ്തതിന്റേയും കാറ്റ് വീശിയതിന്റേയും ചിത്രമടക്കമുള്ള വാര്‍ത്ത ഇന്നത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് വിദ്വേഷ പ്രചരണം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കേരളാ തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഇന്ന് വൈദ്യുതി മുടങ്ങും എന്ന തരത്തില്‍ ഇന്നലെ മുതല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെ.എസ്.ഇ.ബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.