ഇ. സന്തോഷ്‌കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന നോവലിനെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത സിനിമയാണ് മദനോത്സവം. രണ്ട് മദനന്മാരിലൂടെ കഥ പറയുന്ന ചിത്രം മികച്ച ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ എന്ന നിലയില്‍ മികവ് പുലര്‍ത്തുന്നു. മദനന്‍ മഞ്ഞക്കാരനെന്ന രാഷ്ട്രീയ നേതാവും, അയാളുടെ അപര സ്ഥാനാര്‍ത്ഥയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മദനന്‍ മല്ലക്കരയുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
മദനന്‍ മല്ലക്കരയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. മദനന്‍ മഞ്ഞക്കാരനായി എത്തുന്നത് ബാബു ആന്റണിയും. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളെ നല്ലരീതിയില്‍ ഹാസ്യവല്‍ക്കരിച്ചാണ് സിനിമ പോകുന്നത്. പക്ഷം ചേരുന്നില്ലാ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊതുവെ ആക്ഷേപ ഹാസ്യം എന്ന ടാഗില്‍ പുറത്ത് വരുന്ന സിനിമകള്‍ ഏറ്റവും ഒടുവില്‍ അരാഷ്ട്രീയമാകാറാണ് പതിവ്. എന്നാല്‍ അതിനെ നല്ലരീതിയില്‍ പാകപ്പെടുത്തി എടുക്കാന്‍ രതീഷിന് കഴിയുന്നുണ്ട്.
കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയ പല രാഷ്ട്രീയ സാഹചര്യങ്ങളെയും ഹാസ്യവത്കരിച്ച് അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനുമൊക്കെ വിജയിക്കുന്നുണ്ട്. ‘പാര്‍ട്ടി ഓഫീസിന് ബോംബ് എറിഞ്ഞാല്‍ ഇപ്പോള്‍ കേസെടുക്കില്ല’, ‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ദേശീയ കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടി തമ്മില്‍ തല്ല് തുടങ്ങി’ പോലെയുള്ള ഡയലോഗുകള്‍ ചിരിക്കപ്പുറം പലര്‍ക്കിട്ടുമുള്ള ‘കൊട്ട്’ എന്ന നിലയിലും പരിഗണിക്കാവുന്നതാണ്.
സിനിമയുടെ തുടക്കം ചുവന്ന പെട്ടിയില്‍ നിറയെ പണവുമായി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മദനന്‍ മഞ്ഞക്കാരന്‍ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നതിനോടൊപ്പം കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെയും ഓര്‍മപ്പെടുത്തുന്നുണ്ട്. അധികാരത്തില്‍ എത്താന്‍ പരാക്രമം കാണിക്കുന്നയാളാണ് മഞ്ഞക്കാരന്‍. അയാളാകട്ടെ ഒന്ന് ജയിച്ച് കിട്ടാന്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ്. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൃത്യമായി അയാള്‍ കര്‍ണാടകയില്‍ എത്തിച്ചേരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
തിയേറ്ററില്‍ പോയി ചിരിച്ച് മടങ്ങാന്‍ പറ്റിയ സിനിമ എന്ന നിലയിലും കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ബോധ്യമുള്ളവര്‍ക്ക് അല്പം ചിന്തിക്കാനുമുള്ള വക രതീഷ് ഒരുക്കിവെച്ചിട്ടുണ്ട്. അതോടൊപ്പം നമ്പൂതിരി കുടുംബത്തിലെ ചെറുപ്പക്കാരുടെ അവസ്ഥയും വര്‍ഗ രാഷട്രീയവുമൊക്കെ ചിരിക്കിടയില്‍ പറഞ്ഞ് പോകാന്‍ മദനോത്സവം മറന്നിട്ടില്ല.
content highlight: kerala politics trolls in madanolsavam movie