| Friday, 5th February 2021, 10:50 am

പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്; ക്ഷമ ചോദിക്കുന്നു; കെ.സുധാകരനെതിരായ വിമര്‍ശനത്തില്‍ മാപ്പ് ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കെ.സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ എടുത്ത നിലപാടില്‍ മാപ്പ് ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍. കെ സുധാകരന്‍ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വിവാദമായതില്‍ വലിയ വിഷമമുണ്ടെന്നും പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

കെ.സുധാകരന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ഒപ്പം തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഷാനിമോള്‍ പറഞ്ഞു.

നേരത്തെ ഷാനിമോളുടെ വിമര്‍ശനത്തിന് എതിരെ കെ.സുധാകരന്‍ എം.പി രംഗത്ത് എത്തിയിരുന്നു. പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിനാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

നേരത്തെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് മാറ്റിയിരുന്നു.
താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്.

മന്ത്രി ശ്രീ സുധാകരന്‍ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവന്‍ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാല്‍ ബഹു. K. സുധാകരന്‍ എംപി യോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്.

എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു കെ സുധാകരന്‍ അവര്‍ക്കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Content Highlights: Kerala politics  Shanimol Usman apologizes for criticizing K Sudhakaran

We use cookies to give you the best possible experience. Learn more