ചെങ്ങന്നൂര്‍ ആരെ തെരഞ്ഞെടുക്കും; ബലാബലം പരീക്ഷിക്കാന്‍ മുന്നണികള്‍
Focus on Politics
ചെങ്ങന്നൂര്‍ ആരെ തെരഞ്ഞെടുക്കും; ബലാബലം പരീക്ഷിക്കാന്‍ മുന്നണികള്‍
ജിതിന്‍ ടി പി
Monday, 12th March 2018, 7:21 pm

കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ മത്സരിച്ച് ജയിച്ച മണ്ഡലം എന്ന വിശേഷണത്തിന് അര്‍ഹമായ മണ്ഡലമാണ് ചെങ്ങന്നൂര്‍. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍. ശങ്കരനാരായണന്‍ തമ്പി വിജയിച്ചത് ചെങ്ങന്നൂരില്‍ നിന്നായിരുന്നു. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 1991 മുതല്‍ മണ്ഡലത്തിന് വലത്തേക്കാണ് ചായ്‌വ്. 1991 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ശോഭനാ ജോര്‍ജ് വിജയിച്ചു. 2006 ല്‍ സി.പി.ഐ.എമ്മിലെ സജി ചെറിയാനെ തോല്‍പ്പിച്ചു മണ്ഡലം നിലനിര്‍ത്തിയ പി.സി. വിഷ്ണുനാഥ് 2011 ല്‍ സി.എസ്. സുജാതയെ തോല്‍പ്പിച്ചു ചെങ്ങന്നൂരില്‍ തന്റെ രണ്ടാം വിജയം നേടി.

എന്നാല്‍ തുടര്‍ച്ചയായി യു.ഡി.എഫ് മാത്രം വിജയിച്ചു പോന്ന ചെങ്ങന്നൂര്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. മാത്രമല്ല ഇടത്- വലത് മുന്നണികളെ വിറപ്പിച്ച് എന്‍.ഡി.എയും വേരോട്ടം ഉറപ്പിച്ചു. 2016 ല്‍ യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് സി.പി.ഐ.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ നിയമസഭയിലെത്തിയത്.

കെ.കെ രാമചന്ദ്രന്‍ നായര്‍

രാമചന്ദ്രന്‍ നായര്‍ (52880), വിഷ്ണുനാഥ് (44897), ശ്രീധരന്‍പിള്ള (42682) എന്നിങ്ങനെയായിരുന്നു 2016 ലെ വോട്ടുനില. രാമചന്ദ്രന്‍ നായര്‍ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് ചെങ്ങന്നൂരില്‍ കളമൊരുങ്ങുന്നത്. 2011 ല്‍ ബി.ജെ.പിയ്ക്ക് 4.84 ശതമാനമായിരുന്നു വോട്ടുഷെയര്‍.

മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ ചെങ്ങന്നൂര്‍ മണ്ഡലം.തിരുവന്‍വണ്ടൂര്‍, ആല, ചെറിയനാട്, വെണ്‍മണി, ബൂധനൂര്‍, പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍ ചെങ്ങന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതായിരുന്നു പഴയ ചെങ്ങന്നൂര്‍ മണ്ഡലം.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പക്ഷെ പഴയ പോലെയല്ല കാര്യങ്ങള്‍. ബി.ജെ.പി ഒരു നിര്‍ണായക ശക്തിയും കേരള കോണ്‍ഗ്രസ്, ബി.ഡി.ജെ.എസ് എന്നീ പാര്‍ട്ടികളുടെ നിലപാടുകളും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും. 1,88,702 വോട്ടര്‍മാരാണ് ചെങ്ങന്നൂരുള്ളത്. 1,00,907 സ്ത്രീ വോട്ടര്‍മാരും 87,795 പുരുഷ വോട്ടര്‍മാരുമാണ് ഇവിടെയുള്ളത്.

 

അഡ്വ. ശ്രീധരന്‍പിള്ള

സജി ചെറിയാനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി അഡ്വ. ശ്രീധരന്‍പിള്ളയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാറുമാണ് മത്സരിക്കുന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ വോട്ടുവര്‍ധന തടയുക എന്നതായിരിക്കും ഇരുമുന്നണികളെയും പ്രധാന ലക്ഷ്യം. എന്നാല്‍ ബി.ഡി.ജെ.എസ് ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ബി.ജെ.പിയും അങ്കലാപ്പിലാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടും ഈഴവസമുദായത്തിന്റെ വോട്ടും തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നതിനാല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമാണ്.

ഏറെനാളായി ആവശ്യമുന്നയിക്കുന്ന രാജ്യസഭാ സീറ്റ് നല്‍കാത്തതിനാല്‍ ബി.ജെ.പിയ്‌ക്കെതിരെ ബി.ഡി.ജെ.എസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞതിനു പിന്നാലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെങ്ങന്നൂരില്‍ എന്‍.ഡി.എയ്ക്ക് വോട്ടു കുറയുമെന്ന് പറഞ്ഞത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

“ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബി.ജെ.പി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ലഭിക്കില്ല. ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏത് അടവും ബി.ജെ.പി പയറ്റും. ബി.ജെ.പിക്ക് സവര്‍ണ്ണ അജണ്ടയാണ്. ഘടകകക്ഷികള്‍ക്ക് വാഗ്ദാനം നല്‍കിയത് കൊടുക്കാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാണിക്കണം.” ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബി.ജെ.പിക്ക് വളരാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ” ഒരിക്കല്‍ പോലും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായതില്‍ യാതൊരു പരിഭവവുമില്ല. എന്നാല്‍ ഏറെനാളായി ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തരാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡിഎയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുവിഹിതം കിട്ടില്ല.”

എന്നാല്‍ മുന്നണി വിടുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. അതേസമയം അണികള്‍ അസംതൃപ്തരാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തുഷാര്‍ അവകാശപ്പെടുന്നതെങ്കിലും ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിലെ അതൃപ്തി പരസ്യമായി പറഞ്ഞിട്ടുണ്ട്. നേരത്തെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡണ്ട് രാജിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍.ഡി.എയിലെ ഭിന്നതയെത്തുടര്‍ന്നായിരുന്നു മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് ജോണിന്റെ രാജി.

പ്രാദേശിക നേതൃത്വത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഫിലിപ്പ് ജോണ്‍ രാജിവെച്ചത്. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വെട്ടിലാക്കി നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചത്.

 

കെ.എം മാണി

അതേസമയം മുന്നണി വിപുലീകരണവുമായി എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ആര്‍ക്കൊപ്പമെന്നതിലാണ് മുന്നണികളുടെ ആശങ്ക. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടേയും പിന്തുണ തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം നേതൃത്വം കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വൈക്കം വിശ്വനും നിലപാട് വ്യക്തമാക്കിയത്.

സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും മേഖലയിലെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവുമാണ് ഡി.വിജയകുമാര്‍. ഡി.വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറുമായിരുന്നു സ്ഥാനര്‍ഥിയായി നേതൃത്വത്തിന്റെ അന്തിമപരിഗണനയിലുണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്ന ഡി.വിജയകുമാര്‍ അണികള്‍ക്കിടയിലും സ്വീകാര്യനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണ പരാജയപ്പെട്ട വിഷ്ണുനാഥ് ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതല ഉള്ളതുകൊണ്ടാണ് ചെങ്ങന്നൂരില്‍ മത്സരിക്കാത്തതെന്നും വിഷ്ണുനാഥ്. പറഞ്ഞു. തുടര്‍ന്നാണ് യു.ഡി.എഫ് ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത്.

ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നത് വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. അയ്യപ്പസേവാസംഘം നേതാവെന്ന നിലയില്‍ ചെങ്ങന്നൂര്‍ മേഖലയില്‍ വിജയകുമാറിനുള്ള സ്വാധീനവും പാര്‍ട്ടി കണക്കിലെടുത്തിട്ടുണ്ടാകും.

മാര്‍ച്ച് 18 ന് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേരുന്നുണ്ട്. യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.