കൊച്ചി: റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത്. അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പൊലീസിനെ അറിയിക്കുന്നതാണ് പദ്ധതി. ജനമൈത്രി പൊലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.
കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.പി പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കുമ്പോഴുള്ള പൊലീസ് പ്രതികരണം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നും കൊച്ചിയില്‍ റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.ജി.പി പറഞ്ഞു.
നിലവില്‍ പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെല്‍പ്പ് ലൈനില്‍ വിളിച്ചാല്‍ ഏഴ് മിനിറ്റിനകം പ്രതികരണം ഉണ്ടാകും. ഈ സമയം കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നെന്നും അനില്‍കാന്ത് പറഞ്ഞു.
വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്. ഉടന്‍ പ്രായോഗികമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ ഒരെണ്ണം റോഡിലെ കാഴ്ചകള്‍ പതിയുംവിധം സ്ഥാപിക്കുന്നത് നല്ലതായിരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു.
മുതിര്‍ന്ന പൗരരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. ആരോഗ്യമുള്ളവര്‍, കിടപ്പുരോഗികള്‍, പ്രത്യേക പരിഗണന വേണ്ടവര്‍ എന്നിങ്ങനെ പ്രായമായവരെ തിരിച്ച് അവരുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ശ്രദ്ധ വേണ്ടവരുമായി പൊലീസ് ദിവസവും ബന്ധപ്പെടുന്ന സംവിധാനമാണ് കൊണ്ടുവരികയെന്നും ഡി.ജി.പി പറഞ്ഞു.
ഡി.സി.പി എസ്. ശശിധരന്‍, എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍, മട്ടാഞ്ചേരി എ.സി.പി അരുണ്‍ കെ. പവിത്രന്‍, ഡി.സി.പി(അഡ്മിനിസ്ട്രേഷന്‍) ബിജു ഭാസ്‌കര്‍, കമാന്‍ഡന്റ് എസ്. സുരേഷ്, റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികള്‍ റസിഡന്റ്സ് അസോസിയേഷനുകളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.