തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുത്തന്‍ സംവിധാനവുമായി കേരള പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിന് ആല്‍കോ സ്‌കാന്‍ വാനുമായാണ് കേരള പൊലീസ് എത്തിയിരിക്കുന്നത്. പൊലീസിന്റെ വാഹന പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആല്‍കോ സ്‌കാന്‍ വാന്‍.
വാഹന പരിശോധന നടത്തുന്ന സമയത്ത് തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോകാതെ ഈ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ നടത്താനാകുമെന്ന് പൊലീസ് പറഞ്ഞു.
ഉമിനീര് ഉപയോഗിച്ചുള്ള ഈ പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് പദ്ധതി.
പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തില്‍ ഇതിനായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ത്ഥത്തെ വേഗത്തില്‍ തിരിച്ചറിയുവാനും വേഗത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും പൊലീസ് അറിയിച്ചു.
റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനവും, ഫ്‌ളാഗ് ഓഫും ഓഗസ്റ്റ് 30ന് വൈകുന്നേരം 4.30 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Content Highlight: Kerala Police With Alco Scan Van to prevent Road Accidents