കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ച സംഭവത്തിന് പിന്നാലെ ഗൂഗിൾ മാപ്പിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ആധുനിക കാലത്ത് ഗൂഗിൾ മാപ്പ് സഹായകരമാണെങ്കിലും മൺസൂൺ കാലങ്ങളിലും പ്രകൃതി ദുരന്ത സമയത്തും ഗൂഗിൾ മാപ്പ് വിനയാകാൻ സാധ്യതയുണ്ടെന്ന് കേരള പൊലീസ് ചൂണ്ടിക്കാട്ടിയത്.
വെള്ളപ്പൊക്കം, പേമാരി എന്നിവയുണ്ടാകുമ്പോൾ റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ടെന്നും ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതരാൻ സാധ്യത കുറവാണെന്നും പൊലീസ് കുറിപ്പിൽ പറയുന്നു.
മൺസൂൺ കാലത്ത് ട്രാഫിക് കുറവുള്ള റോഡുകൾ ഗൂഗിൾ മാപ്പ് കാണിച്ചുതരുമെന്നും എന്നാൽ തിരക്ക് കുറഞ്ഞ റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഗതാഗതം തസപ്പെട്ടാൽ ഗൂഗിൾ മാപ്പിലെ കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിലെ ആഡ് ഓർ ഫിക്സ് ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യുമെന്നും ഇത് ഗൂഗിൾ പരിഗണിക്കുകയും പിന്നീട് യാത്ര ചെയ്യുന്നവർക്ക് ഉപകാരമാകുമെന്നും പൊലീസ് അറിയിച്ചു.
സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകൾ നേരത്തെ തന്നെ സേവ് ചെയ്ത് വെക്കാനും ഒരു സ്ഥലത്തേക്ക് രണ്ട് വഴികൾ ഉള്ള സാഹചര്യത്തിൽ നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാമെന്നും ഫേസ്ബുക് കുറിപ്പിൽ പൊലീസ് നിർദേശിച്ചു.
പരിചയക്കുറവുള്ള സ്ഥലത്ത് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് യുവ ഡോക്ടർമാരുടെ അപകട മരണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ചംഗ സംഘം കൊച്ചിയിൽ പാർട്ടി കഴിഞ്ഞുവരുമ്പോൾ രാത്രി പന്ത്രണ്ടരയോടെ കടൽവാതുരുത്ത് പുഴയിൽ കാർ മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരണപ്പെടുകയായിരുന്നു. മൂന്നുപേരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Content Highlight: Kerala Police warns using Google map on the context of young doctors’ death