കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ച സംഭവത്തിന് പിന്നാലെ ഗൂഗിൾ മാപ്പിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ആധുനിക കാലത്ത് ഗൂഗിൾ മാപ്പ് സഹായകരമാണെങ്കിലും മൺസൂൺ കാലങ്ങളിലും പ്രകൃതി ദുരന്ത സമയത്തും ഗൂഗിൾ മാപ്പ് വിനയാകാൻ സാധ്യതയുണ്ടെന്ന് കേരള പൊലീസ് ചൂണ്ടിക്കാട്ടിയത്.
വെള്ളപ്പൊക്കം, പേമാരി എന്നിവയുണ്ടാകുമ്പോൾ റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ടെന്നും ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതരാൻ സാധ്യത കുറവാണെന്നും പൊലീസ് കുറിപ്പിൽ പറയുന്നു.
മൺസൂൺ കാലത്ത് ട്രാഫിക് കുറവുള്ള റോഡുകൾ ഗൂഗിൾ മാപ്പ് കാണിച്ചുതരുമെന്നും എന്നാൽ തിരക്ക് കുറഞ്ഞ റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഗതാഗതം തസപ്പെട്ടാൽ ഗൂഗിൾ മാപ്പിലെ കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിലെ ആഡ് ഓർ ഫിക്സ് ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യുമെന്നും ഇത് ഗൂഗിൾ പരിഗണിക്കുകയും പിന്നീട് യാത്ര ചെയ്യുന്നവർക്ക് ഉപകാരമാകുമെന്നും പൊലീസ് അറിയിച്ചു.