പാലക്കാട്: പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേയും എലപ്പുള്ളയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റേയും കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം തകര്‍ക്കുന്ന സാമൂഹ്യ മാധ്യമ പ്രൊഫൈലുകളെ നിയന്ത്രിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പോസ്റ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
‘പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തി, സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടി ചില സാമൂഹിക വിരുദ്ധര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരും, ഗ്രൂപ്പുകളും, ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും,’ കേരളാ പൊലീസ് അറിയിച്ചു.
രണ്ട് ദിവസത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പാലക്കാട്ടേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടിരിക്കുകയാണ്. എറണാകുളം റൂറലില്‍ നിന്ന് ഒരു ബറ്റാലിയന്‍ പാലക്കാട്ടേക്ക് തിരിച്ചു. കെ.എ.പി- 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്.
മൂന്ന് കമ്പനി സേന ഉടന്‍ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം.
അതേസമയം, പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി.
കൊലപാതകത്തിന് മുമ്പ് പൊലീസ് വേണ്ട മുന്‍കരുതല്‍ എടുത്തില്ലെന്നും പൊലീസിന് വീഴ്ച പറ്റിയെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala police to crack down on social media profiles disrupting community unity in the wake of the murder of an RSS- SDPI in Palakkad