സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനായി കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ച ശേഷവും പ്രതിഷേധവും ആശങ്കയും തുടരുകയാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയാണിതെന്നും ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് പിന്നാലെയാണ് പോസിറ്റീവ് ആകുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഇതിനായി പൊലീസിനെ ചുമതലപ്പെടുത്തുകായണെന്നും സര്‍ക്കാര്‍ അറിയിച്ചത്. നടപടിയില്‍ സര്‍ക്കാരിനെതിരെ വ്യാപകവിമര്‍ശനമായിരുന്നു അന്നുതന്നെ ഉയര്‍ന്നത്.
നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും നിയമപരമല്ലെന്നും ആരോപിച്ചാണ് രമേശ് ചെന്നിത്തല കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. പക്ഷെ ഹരജി പരിഗണിക്കവെ സര്‍ക്കാരിന് അനുകൂലമായാണ് കോടതി വിധി പ്രഖ്യാപിച്ചത്.
കൊവിഡ് പോസിറ്റീവ് ആയ ഒരാളുടെ 14 ദിവസത്തിനകത്തുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിക്കുക എന്നും ടവര്‍ ലോക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് ഇതിനായി സേവനദാതാക്കളില്‍ നിന്നും ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും മറ്റെല്ലാം ആശങ്കകള്‍ മാത്രമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം കോള്‍ വിവരങ്ങളുടെ സ്വകാര്യത കര്‍ശനമായി സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ നശിപ്പിച്ചുകളയുമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് സേവനദാതാക്കളില്‍ നിന്നും ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇത് മാത്രമായി നല്‍കാന്‍ സാധിക്കുന്ന സംവിധാനമില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചിരുന്നു.
ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമായി ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലെന്നും അതിനാല്‍ രോഗികളുടെ കോള്‍ റെക്കോര്‍ഡ് വിവരങ്ങളടക്കം പൊലീസ് നിരീക്ഷണത്തിന് കീഴിലാകുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും പ്രൈവസി ആക്ടിവിസ്റ്റായ പി.ബി ജിജീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ലൊക്കേഷന്‍ ഡാറ്റ മാത്രമാണ് സേവനദാതാക്കളില്‍ നിന്നും ശേഖരിക്കുക എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. കോള്‍ റെക്കോര്‍ഡ് ശേഖരിക്കുമ്പോള്‍ ലൊക്കേഷന്‍ ഡാറ്റ മാത്രമാണ് പൊലീസ് ശേഖരിക്കുക എന്നതിനുള്ള ഒരു തെളിവും നമ്മുടെ മുന്നിലില്ല. കോള്‍ വിവരങ്ങളടക്കം നല്‍കുന്ന രീതിയാണ് മുന്നിലുള്ളത്. ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെങ്കില്‍ പോലും അതിനായി ഒരു മുന്‍കൂര്‍ അനുമതിയും വാങ്ങേണ്ടി വരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരാളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ നിരവധി ഉന്നതാധികാരികളുടെയടക്കം അനുമതി ആവശ്യമുണ്ട്. പക്ഷെ ഇവിടെ അതൊന്നും ആവശ്യമായി വരുന്നില്ല.’ ജിജീഷ് ചൂണ്ടിക്കാണിക്കുന്നു.
പി പി ജിജീഷ്
സ്വകാര്യത ഏറ്റവും പ്രധാനപ്പെട്ട മൗലീകവകാശങ്ങളിലൊന്നാണെന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ വിശാല ബെഞ്ച് പുട്ടുസ്വാമി കേസില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പി.ബി ജിജീഷ് ചൂണ്ടിക്കാണിച്ചു. സ്വകാര്യത അടിസ്ഥാനാവകാശമാണെന്നും മറ്റെല്ലാ മൗലീകവകാശങ്ങളും അനുഭവിക്കാന്‍ പൗരന് സ്വകാര്യത അനിവാര്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൗരന്റെ സ്വകാര്യതയിലേക്ക് കടക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ അത്രയും പ്രധാനപ്പെട്ട കാരണങ്ങളുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജിജീഷ് ചൂണ്ടിക്കാണിക്കുന്നു.
രോഗികളുടെ കോളുമായി ബന്ധപ്പെട്ട ഏതെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത്, ഏത് സെര്‍വറിലാണ് ഈ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന്റെ ഭാഗത്ത് നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നേരത്തെ കാസര്‍ഗോഡും കണ്ണൂരും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. പൊലീസ് ആപ്പില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച അവ്യക്തതയിലെ നിരവധി പ്രശ്‌നങ്ങള്‍ പി.ബി ജിജീഷ്് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
‘ശേഖരിക്കുന്ന വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുന്നു, എവിടെ സൂക്ഷിക്കുന്നു, ആരാണ് അത് കൈകാര്യം ചെയ്യുന്നത്, അത് മറ്റ് തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലായെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം ചട്ടക്കൂടുകളാണ് സ്വീകരിച്ചിട്ടുള്ളത് എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ല. ഈ ശേഖരിക്കുന്ന വിവരങ്ങള്‍ സെര്‍വറില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം ഈ മനുഷ്യന്മാര്‍ക്കുണ്ടോയെന്നതും ഏറെ പ്രധാനപ്പെട്ടതാണ്.’ ജിജീഷ് പറഞ്ഞു.
രോഗം വരുന്നത് ഒരു കുറ്റമല്ല അതിനാല്‍ കുറ്റവാളികളുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുന്നത് പോലെ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്നും ജിജീഷ് കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ വന്നാലെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളു. പക്ഷെ ഹൈക്കോടതിയുടെ വിധിപ്രഖ്യാപനം എന്തുതന്നെയായാലും പുട്ടുസ്വാമി വിധിന്യായം മുന്നോട്ടുവെച്ച സ്വകാര്യത സംബന്ധിച്ച വിശാലമായ കാഴ്ചപ്പാടുകളും ചട്ടക്കൂടുകളും പരിശോധിക്കുമ്പോള്‍ അതിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കരുതാനുള്ള ഒരു ന്യായീകരണവുമില്ലെന്നും ജിജീഷ് പറഞ്ഞു.
സ്വകാര്യതയുടെ ലംഘനത്തിനും ഫോണ്‍കോള്‍ ശേഖരണത്തിലെ അവ്യക്തതകള്‍ക്കുമൊപ്പം തന്നെ ഈ നടപടിയുടെ ഭാഗമായി ചര്‍ച്ചയാകുന്ന മറ്റൊരു വിഷയമാണ് പൊലീസിന് ലഭിക്കുന്ന അമിതാധികാരം. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസിന് ചുമതല നല്‍കുന്ന ഏക സംസ്ഥാനമായിരിക്കും കേരളമെന്നും ഇത് പൊലീസ് രാജിനായിരിക്കും വഴിവെക്കുകയെന്നും ആര്‍.എം.പി നേതാവായ കെ.എസ് ഹരിഹരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കെ.എസ് ഹരിഹരന്‍
‘കൊവിഡിനെ പ്രതിരോധിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കൊവിഡിനെ പ്രതിരോധിക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ചുമതലയാണ്. അതിന് കാര്യശേഷിയുള്ള ഒരു മന്ത്രി കേരളത്തിനുണ്ട്. പക്ഷെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ഈ ചുമതല പൊലീസ് ഏറ്റെടുത്തിട്ട് കുറച്ചുനാളുകളായി. പൊലീസ് ഇടപെടേണ്ട ഒരു മേഖലയല്ല പകര്‍ച്ചവ്യാധി നിയന്ത്രണം.’ കെ.എസ് ഹരിഹരന്‍ പറഞ്ഞു.
കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി വരെ ശരിവെച്ചെങ്കിലും നടപടിയിലെ അവ്യക്തതകളും ആശങ്കകളും തുടരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക