പൊലീസ് ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Kerala
പൊലീസ് ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2024, 8:46 am

കോഴിക്കോട്: പൊലീസ് ഗുണ്ടാ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് അദ്ദേഹം.

രണ്ട് മാസത്തിനകം അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ വിചാരണ പത്രിക സമർപ്പിക്കാൻ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവും കാണിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് ഉത്തരവിൽ പറയുന്നത്.

മേലുദ്യോഗസ്ഥരുടെ അനുവാദമോ അറിവോയില്ലാതെ മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി കത്തയച്ചത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി എടുത്തിരിക്കുന്നത്.

എന്നാൽ പൊലീസിലെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അദ്ദേഹം അയച്ച കത്തിൽ ഇതുവരെയും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല.

കഞ്ചാവ് വില്പനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നെങ്കിലും അറസ്റ്റ് ചെയ്ത പൊലീസ്‌കാരെ വിഢികളാക്കി അയാളെ പറഞ്ഞു വിട്ട ആറന്മുള സ്റ്റേഷനിലെ എസ.എച്ച്.ഒയ്‌ക്കെതിരെയും വധശ്രമക്കേസിലെ പ്രതിയായ ഗുണ്ടയെ അറസ്റ്റ് ചെയ്യാതിരുന്ന ഡി.വൈ.എസ്.പിക്കെതിരെയുമുള്ള പരാതികളായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

ഉദ്യോഗസ്‌ഥതർക്കെതിരെ വസ്തുത വിരുദ്ധമായ വിവരങ്ങൾ നൽകിയെന്ന ആരോപണം ഉന്നയിച്ചാണ് ഉമേഷിനെ ഇപ്പോൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്‌പെൻഡ് ചെയ്തിരിക്കുന്നത്.

പരാതിയിൽ ഉമേഷിന്റെ മൊഴി രേഖപ്പെടുത്താതെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വെള്ളപൂശിയതെന്ന് പൊലീസ് സേനയിൽ പരക്കെ വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ അതേ ഉദ്യോഗസ്ഥന്റെ തന്നെ അനുവാദം വാങ്ങണമെന്ന് പറയുന്നത് വിചിത്രമാണെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.

ഇതിന് മുൻപും ഉമേഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ നിന്നും ഉമേഷിനെ ആറന്മുള സ്റ്റേഷനിലേക്ക് മാറ്റിയത്.

 

 

Content Highlight: Kerala police suspended Umesh vallukkunnu